ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ട്വന്റി 20 ക്രിക്കറ്റിന്റെ അതിപ്രസരമാണെന്ന് മുൻതാരം സഹീർ അബ്ബാസ്. താരങ്ങളുടെ ശ്രദ്ധ പണമുണ്ടാക്കുന്നതിൽ മാത്രമായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചു. പാകിസ്താനിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ വളരെ കൂടുതലാണ്. ദൈർഘ്യമേറിയ ഫോർമാറ്റിന്റെ കാതൽ തന്നെ താരങ്ങൾ മറന്നുപോയെന്നും സഹീർ അബ്ബാസ് പറഞ്ഞു.
ക്രിക്കറ്റ് പ്രെഡിക്ടാ ടോക്ക് ഷോയുടെ നൂറാം എപ്പിസോഡിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് പ്രെഡി ക്ടാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യൻ ബ്രാഡ്മാൻ എന്ന് അറിയപ്പെട്ടിരുന്ന സഹീർ അബ്ബാസ് പാകിസ്താൻ ക്രിക്കറ്റിലെ ലെജൻഡ് ആണ്. അതുകൊണ്ടു തന്നെ വിമർശനം വലിയ ചർച്ചകൾക്കാകും വഴിവെക്കുക.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും സഹീർ അബ്ബാസ് വിമർശിച്ചു. ക്രിക്കറ്റിനെക്കുറിച്ച് മനസിലാക്കാത്തവരാണ് ദൗർഭാഗ്യവശാൽ പാകിസ്താൻ ക്രിക്കറ്റിനെ നയിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. പാകിസ്താനിലെ ക്രിക്കറ്റിനെ വലിയ ഉയരങ്ങളിലെത്തിച്ചവരാണ് ഞങ്ങൾ. അതിനെ ലോകം പോലും അംഗീകരിച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ ചുമതലയിൽ ഇരിക്കുന്നവർ അവരുടെ സ്വന്തം താൽപര്യം മാത്രമാണ് നോക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ അവർ ആശങ്കപ്പെടുന്നില്ല.
ക്രിക്കറ്റിലേക്ക് വൻതോതിൽ പണമൊഴുകുന്നുണ്ട്. കളിക്കാർക്ക് പണത്തിൽ മാത്രമായി ശ്രദ്ധ. അവരുടെ ശ്രദ്ധ കളിയിൽ നിന്ന് മാറുകയും ചെയ്തു. പാകിസ്താനിൽ നടക്കാനിരിക്കുന്ന 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ചും സഹീർ അബ്ബാസ് പരാമർശിച്ചു. ഇന്ത്യൻ ടീം പാകിസ്താൻ സന്ദർശിക്കണമെന്നും അത് പാകിസ്താൻ ക്രിക്കറ്റിന് പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.