മുഖവരകൾ ആവശ്യമില്ലാത്ത താരമാണ് അഭിഷേക് ബച്ചൻ. എന്നാൽ അടുത്തിടെയായി അദ്ദേഹം സിനിമാ തിരക്കുകളിൽ നിന്ന് മാറി നിൽക്കുകയാണ്. എന്നിരുന്നാലും വാർത്തകളിൽ ഇടം പിടിക്കുകയാണ് അഭിഷേക് ബച്ചൻ.
ആദ്യത്തെ കാര്യം ഭാര്യ ഐശ്വര്യ റായിയുമായി വേർപിരിഞ്ഞുവെന്ന അഭ്യൂഹമാണെങ്കിൽ മറ്റൊരു വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തിന് പ്രതിമാസം 18 ലക്ഷം രൂപ നൽകുന്നുവെന്നതാണ് വാർത്ത! അപ്പോൾ തോന്നാം, നിക്ഷേപത്തിന്റെ പലിശയാകുമെന്ന്. എന്നാൽ സംഭവം അങ്ങനെയല്ല..
ബച്ചൻ കുടുംബത്തിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയായ ജൽസയ്‌ക്ക് സമീപത്തുള്ള ആഡംഭര ഭവനങ്ങളായ അമ്മു,വാറ്റ്സ് എന്നിവയുടെ താഴത്തെ നില എസ്ബിഐയ്‌ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. 15 വർഷത്തേക്കാണ് കരാർ. ഇത് പ്രകാരമാണ് വൻ തുക അഭിഷേക് ബച്ചന് ലഭിക്കുന്നത്.
കെട്ടിടത്തിൽ 3,150 ചതുരശ്ര അടിയാണ് എസ്ബിഐക്ക് നൽകിയിരിക്കുന്നത്. നിലവിൽ 18.9 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കാനുള്ള വ്യവസ്ഥകൾ പാട്ട കരാറിൽ ഉൾപ്പെടുന്നു. ഏകദേശം 280 കോടി രൂപയുടെ ആസ്തിയാണ് അഭിഷേക് ബച്ചനുള്ളത്.