പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തുകയാണെങ്കിൽ അത് കർശനമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലയ്‌ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികതയില്ല. ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗമല്ല, ഇന്നലെ നടന്നത്. ക്രമസമാധാന പ്രശ്നം സംബന്ധിച്ചുള്ള യോഗം നടക്കുമ്പോൾ എഡിജിപിയെ വിളിക്കും.
ഹൈക്കോടതിയാണ് മാദ്ധ്യമപ്രവർത്തകർക്ക് ശബരിമലയിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കിയത്. ദേവസ്വം ബോർഡിന് എന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ വീണ്ടും നിയന്ത്രണം കൊണ്ടുവന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമേ ദർശനം അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കാണ് ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലായിരുന്നു തീരുമാനം.