ഭോപ്പാൽ : ധീര രക്തസാക്ഷി റാണി ദുർഗ്ഗാവതിയുടെ 500-ാം ജന്മവാർഷികത്തിൽ ആദരവർപ്പിച്ച് അവരുടെ നാട്ടുരാജ്യത്തിന്റെ തലസ്ഥാനത്ത് മധ്യപ്രദേശ് മന്ത്രിസഭ യോഗം ചേർന്നു. ഒക്ടോബർ 5 ശനിയാഴ്ച ദാമോ ജില്ലയിലെ സിങ്ഗ്രാംപൂരിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്നത് .
റാണി ദുർഗാവതി 1548 മുതൽ 1564 വരെ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു. അക്കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ കിരാതമായ ആക്രമണത്തിൽ നിന്ന് ഗോണ്ട്വാനയെ പ്രതിരോധിച്ചതിനാണ് അവർ പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്.
ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന മദൻ മഹൽ കുന്നിന്റെ 24 ഏക്കർ പ്രദേശം റാണി ദുർഗ്ഗാവതി സ്മാരകമായും പൂന്തോട്ടമായും 100 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്നതിന് ഒരു പാനൽ രൂപീകരിക്കുന്നതിന് ശനിയാഴ്ച മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. റാണി ദുർഗ്ഗാവതിയുടെ 500-ാം ജന്മവാർഷികത്തിൽ അവർക്ക് ആദരവർപ്പിച്ച്, ബുന്ദേൽഖണ്ഡ് മേഖലയിലെ ദാമോ ജില്ലയിലെ സിങ്ഗ്രാംപൂർ ഗ്രാമത്തിൽ അവരുടെ പഴയ ആസ്ഥാനം മന്ത്രിമാരുടെ സംഘം സന്ദർശിച്ചു.
മില്ലറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച റാണി ദുർഗാവതി ശ്രീ അന്ന പ്രോത്സാഹൻ യോജനയ്‌ക്ക് കീഴിൽ കർഷകർക്ക് ഹെക്ടറിന് 3,900 രൂപ വരെ അധിക സഹായത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി ക്യാബിനറ്റ് മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.















