ഡെറാഡൂൺ: വനമേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി വ്യോമസേന. രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് വിദേശ വനതികളെ വ്യോമസേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ വനമേഖലയിലെ ട്രക്കിംഗിനിടെയാണ് വനിതകൾ കുടുങ്ങിയത്.
വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് യുവതികൾ വനത്തിൽ കുടങ്ങിയത്. ഇവരെ കണ്ടെത്തുന്നതിനായി വ്യോമസേനാംഗങ്ങൾ രണ്ട് ഹെലികോപ്റ്ററുകളിലായി തെരച്ചിൽ നടത്തിയിരുന്നു.
രണ്ട് ദിവസവും പ്രദേശത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. അതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. തുടർന്ന് കൂടുതൽ സേനാംഗങ്ങളെ എത്തിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.















