ബ്ലെസി സംവിധാനം ചെയ്ത് വലിയ ഹിറ്റായ സിനിമയാണ് ആടുജീവിതം. എന്നാൽ, സിനിമ സൗദി അറേബ്യയെയും പൗരന്മാരെയും അപകീർത്തിപ്പെടുത്തുന്നുവെന്ന തരത്തിൽ വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ആടുജീവിതത്തിന് മറുപടിയെന്ന പോലെ സൗദിയിൽ പുറത്തിറങ്ങിയ ഒരു ഷോട്ട് ഫിലിമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഫ്രണ്ട്സ് ലൈഫ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അറബിയിലൊരുക്കിയ ചിത്രത്തിൽ മലയാളി നടനാണ് പ്രധാന വേഷം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. മോഡലായ കോഴിക്കോട് സ്വദേശി നജാത്ത് ബിനാണ് ചിത്രത്തിലെ നായകൻ.
മുജീബ് എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. രണ്ട് സുഹൃത്തുക്കളുടെ രസകരമായ ജീവിതവും വിശേഷങ്ങളുമാണ് ഫ്രണ്ട്സ് ലൈഫ് പറയുന്നത്. ആടുജീവിതം എന്ന സിനിമയെ കുറിച്ചും ചിത്രം പരാമർശിക്കുന്നുണ്ട്. നജീബ് അനുഭവിച്ച ജീവിതമല്ല എല്ലാവരുടേതെന്നും ക്രൂരനായ കഫീൽ സൗദിയെ പ്രതിനിധീകരിക്കുന്നില്ലെന്നും സിനിമ പറയുന്നു.
ആടുജീവിതം സിനിമ പ്രേക്ഷകരിലേക്ക് പകർന്ന സന്ദേശം തെറ്റാണെന്നും യഥാർത്ഥ സൗദിയെ അല്ല സിനിമയിൽ പ്രതിനിധീകരിച്ചതെന്നടക്കമുള്ള വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ ഹ്രസ്വ ചിത്രം സൗദിയിൽ ചർച്ചയാകുന്നത്.















