മംഗളൂരു: ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനെ പിന്തുണച്ച് സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശിയ്‌ക്കെതിരെ ഭീഷണികൾ. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ്, മംഗലാപുരം കട്ടീൽ സ്വദേശി ലെസ്റ്റർ തന്റെ ബസിന് ഇസ്രായേൽ എന്ന് പേരിട്ടത് . എന്നാൽ ഭീഷണികളും, സമ്മർദ്ധവും ശക്തമായതോടെ ബസിന്റെ പേര് ജറുസലേം എന്നാക്കി മാറ്റിയിരിക്കുകയാണ്.
മുടുബിദിരെ-കിന്നിഗോളി-കടീലു-മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്നതാണ് ബസ് . അതേസമയം പ്രദേശത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ഒന്നടങ്ക, ലെസ്റ്ററിനെതിരെ എത്തിയിരിക്കുകയാണ്. 12 വർഷത്തിലേറെയായി ഇസ്രായേലിൽ താമസിക്കുകയാണ് ലെറ്റ്സർ. ഒരു ദശാബ്ദത്തിലേറെയായി താമസിക്കുന്ന രാജ്യത്തോടുള്ള വ്യക്തിപരമായ ആരാധനയുടെ പ്രതിഫലനമാണിതെന്നാണ് ലെസ്റ്ററിന്റെ കുടുംബം പറയുന്നത് .
ഇസ്രായേൽ ട്രാവൽസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് ബസിനെതിരെ പ്രതിഷേധം ആരംഭിച്ചത്. താമസിയാതെ, പേരിനെ വിമർശിക്കുന്ന വിവിധ പോസ്റ്റുകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി, അധികാരികൾ ഇടപെടണമെന്ന ആഹ്വാനവും ബസ് ഉടമയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന ആവശ്യവുമുണ്ടായി .
തർക്കം രൂക്ഷമായതോടെ, ട്രാഫിക് പോലീസ് ഇടപെട്ടു, കൂടുതൽ സംഘർഷം ഒഴിവാക്കാൻ ബസിന്റെ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചു. “എന്റെ ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടതിൽ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ 12 വർഷമായി ഇസ്രായേലിലാണ്, അവിടത്തെ സംവിധാനത്തെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, നമ്മുടെ പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. എന്നെ സംബന്ധിച്ചിടത്തോളം, ബസിന്റെ പേര് തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ഒന്നായിരുന്നു “ ലെസ്റ്റർ പറഞ്ഞു.
ഒടുവിൽ വർഗീയസംഘർഷം ഒഴിവാക്കാനായി തന്റെ ബസിന്റെ പേര് മാറ്റാൻ അദ്ദേഹം തീരുമാനിച്ചു . തുടർന്നാണ് ബസിന് “ജെറുസലേം ട്രാവൽസ്” എന്ന് പുനർനാമകരണം ചെയ്തത്. “ജറുസലേം ഇസ്രായേലിന്റെയും പലസ്തീനിന്റെയും തലസ്ഥാനമാണ്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല, അതിനാൽ ഞാൻ പേര് ‘ജെറുസലേം ട്രാവൽസ്’ എന്നാക്കി മാറ്റി. “ ലെസ്റ്റർ പറഞ്ഞു.















