മുംബൈ: ജർമൻ കമ്പനിയായ ഹൈഡൽബർഗ് മെറ്റീരിയൽസിന്റെ ഇന്ത്യൻ സിമൻ്റ് യൂണിറ്റ് വാങ്ങാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ സിമൻ്റ് കമ്പനിയായ അംബുജ സിമന്റ്‌സിന്റെ നേതൃത്വത്തിലാകും ഹൈഡൽബർഗ് സിമൻ്റ് യൂണിറ്റ് ഏറ്റെടുക്കുക.
ഏകദേശം 1.2 ബില്യൺ ഡോളർ (10,000 കോടി രൂപ) ചെലവിട്ടാകും അദാനി ഗ്രൂപ്പ് ഇത് സ്വന്തമാക്കുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളായ അദാനി ഗ്രൂപ്പ് 2022-ലാണ് ഹോൾസിമിന്റെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്താണ് മേഖലയിലേക്ക് രംഗപ്രവേശം നടത്തുന്നത്. ജൂണിലെ കണക്ക് പ്രകാരം 18,299 കോടി രൂപയാണ് അംബുജ സിമൻ്റ്സിന്റെ വരുമാനം.
പബ്ലിക് ലിസ്‌റ്റഡ് വിഭാഗമായ ഹൈഡൽബെർഗ് സിമൻ്റ് ഇന്ത്യയിലൂടെയും ലിസ്‌റ്റുചെയ്യാത്ത കമ്പനിയായ സുവാരി സിമൻ്റിലൂടെയുമാണ് ജർമൻ കമ്പനിയായ ഹൈഡൽബെർഗ് പ്രവർത്തിക്കുന്നത്. ലിസ്റ്റുചെയ്ത സ്ഥാപനത്തിന്റെ വിപണി മൂലധനം 4,957 കോടി രൂപയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിമൻ്റ് ഉത്പാദക കമ്പനികളിലൊന്നാണ് ഹൈഡൽബർഗ്. 50 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 2006-ൽ മൈസൂർ സിമൻ്റ്, കൊച്ചിൻ സിമൻ്റ്, ഇൻഡോരമ സിമൻ്റ് എന്നിവയുമായി ചേർന്ന് സംയുക്ത സംരംഭം ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്.















