ലക്നൗ: ട്രാക്കിൽ വൻ മൺകൂന. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മണ്ണ് തള്ളിയത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിന് പിന്നാലെ വൻ അപകടമാണ് ഒഴിവായത്. പാസഞ്ചർ ട്രെയിൻ അൽപ നേരം പിടിച്ചിട്ടതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
സമീപത്ത് റോഡ് നിർമാണം നടക്കുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നുണ്ട്. മണ്ണുമായെത്തിയ ലോറി ഡ്രൈവറാണ് മണ്ണ് ട്രാക്കിലേക്ക് തള്ളിയതെന്ന് അവർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
നേരത്തെയും ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ കാൺപൂരിൽ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു. നേരത്തെ രാജസ്ഥാനിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തിയിരുന്നു.















