റിയാദ്: അടുത്ത ഒരു വർഷത്തിനുള്ളിൽ സൗദി അറേബ്യയിലേതിനെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി വരിക്കാർക്കായുള്ള നിക്ഷേപ പദ്ധതി പരിചയപ്പെടുത്താനായി സൗദിയിലെത്തിയ ധനമന്ത്രി ഇവിടെ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
ദമ്മാമിലും കഴിഞ്ഞ ദിവസം ഇതേ പരിപാടി നടന്നിരുന്നു. ഇതിന് ശേഷം റോഡ് മാർഗമാണ് ദമ്മാമിൽ നിന്നും മന്ത്രി അടുത്ത പരിപാടി നടന്ന റിയാദിലേക്ക് എത്തിയത്. ഈ യാത്രയിൽ സൗദിയിലെ റോഡുകളുടെ നിലവാരം മനസ്സിലാക്കിയെന്നും ഒരു വർഷത്തിനുളളിൽ അതിനെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമിക്കുമെന്നും ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. നേരത്തെ കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനെക്കാൾ മികച്ചതാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിനിടെയാണ് റോഡുകൾ സൗദിയെക്കാൾ മികച്ചതാക്കുമെന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചത്.
ന്യൂയോർക്കിൽ നിന്ന് എത്തിയ മലയാളികൾ കേരളം കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി 2023 മാർച്ചിൽ കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനെക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. തന്നെ കാണാനെത്തിയ ന്യൂയോർക്കിലുളള മലയാളി ഇക്കാര്യം പറഞ്ഞുവെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ മലയാളിയുടെ പേര് വെളിപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ മറച്ചുവെച്ച് ന്യൂയോർക്കിലെ റോഡുകളുമായി താരതമ്യം ചെയ്ത മുഖ്യമന്ത്രിയുടെ വാക്കുകൾ അന്നു മുതൽ ട്രോളുകളിൽ നിറയുന്ന വിഷയമാണ്. ഇന്നും കുണ്ടും കുഴിയും നിറഞ്ഞ സംസ്ഥാനത്തെ റോഡുകളുടെ ദൃശ്യങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ വാക്കുകളാണ് ട്രോളന്മാർ ഉപയോഗിക്കുന്നത്. പുതിയതായി നിർമ്മിച്ച റോഡിൽ പോലും എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്ന് ചോദിച്ച് കഴിഞ്ഞ ആഴ്ചയും ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.
റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് ചോദിച്ച കോടതി റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്നും റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്നും ആരാഞ്ഞിരുന്നു. എന്നാൽ ചില റോഡുകൾ മാത്രമാണ് തകർന്നു കിടക്കുന്നതെന്ന് ആയിരുന്നു ഹൈക്കോടതി പരാമർശത്തോട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. മഴക്കാലമായതോടെ റോഡുകൾ മുഴുവൻ കുണ്ടും കുഴിയുമായി യാത്രക്കാർ ബുദ്ധിമുട്ടുന്ന വാർത്തകൾ മാദ്ധ്യമങ്ങളിലെ സ്ഥിരം വാർത്തയാണ്. വസ്തുത ഇതായിരിക്കെയാണ് ധനമന്ത്രി സൗദിയെക്കാൾ മികച്ച റോഡുകൾ ഉണ്ടാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.













