തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി. ഓൺലൈൻ രജിസ്ട്രേഷൻ 80,000 ആയി കുറയ്‌ക്കുന്നതും സ്പോട്ട് ബുക്കിംഗ് ഇല്ലാതാക്കുന്നതും അയ്യപ്പഭക്തരുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു പറഞ്ഞു.
കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഐക്യവേദി ദക്ഷിണ മേഖലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സി ബാബു ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന ട്രഷറർ ജ്യോതീന്ദ്രകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജോയിന്‍റ് ട്രഷറർ ശ്രേയസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ, സമിതിയംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ശബരിമല മണ്ഡലകാലം അടുക്കാനിരിക്കെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള സർക്കാർ നീക്കം. ഈ തീരുമാനം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭക്തജന സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നതാണെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഹൈന്ദവ സംഘടനകൾ വ്യക്തമാക്കിയിരുന്നു.















