ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും എയറിലായിരിക്കുകയാണ് സാക്കിർ നായിക്. പാകിസ്താനിലെത്തിയ മതപ്രഭാഷകൻ വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതിന്റെ വീഡിയോകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. കഴിഞ്ഞ ദിവസം കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഒരു പെൺകുട്ടി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാൻ സാക്കിർ നായിക് പ്രയാസപ്പെടുന്ന വീഡിയോ വലിയ ചർച്ചയാവുകയാണ്. പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ ഉത്തരത്തിൽ നിന്ന് ഒളിച്ചോടുന്ന ഇസ്ലാമിക പ്രഭാഷകനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
മുസ്ലീം സമുദായം നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പഷ്തൂൺ യുവതിയുടെ ചോദ്യം. പീഡോഫീലിയ, വ്യഭിചാരം, മയക്കുമരുന്ന് ആസക്തി എന്നീ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ഇസ്ലാമിക നേതാക്കൾ എന്തുകൊണ്ട് മുന്നിട്ടിറങ്ങുന്നില്ലെന്നും സമുദായത്തിനുള്ളിൽ നിലനിൽക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ മതപ്രഭാഷകർ എന്തുകൊണ്ട് അഭിസംബോധന ചെയ്യുന്നില്ലെന്നുമായിരുന്നു സാക്കിർ നായിക്കിനോട് പെൺകുട്ടി ആരാഞ്ഞത്.
എന്നാൽ ആ ചോദ്യം പോലും അപ്രസക്തമാണെന്ന തരത്തിലായിരുന്നു സാക്കിർ നായിക്കിന്റെ മറുപടി. അള്ളാഹുവിനോട് മാപ്പ് പറഞ്ഞ് നിശബ്ദയായി ഇരിക്കാനാണ് അയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്. സാക്കിർ നായിക്കിന്റെ മറുപടി ഇങ്ങനെ..
ഖുറാനിൽ പീഡോഫീലിയയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ഇസ്ലാമിക എഴുത്തുകളിൽ ഒന്നും തന്നെ പീഡോഫീലിയയെക്കുറിച്ച് പരാമർശമില്ല. ഇസ്ലാമിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി സംസാരിക്കരുത്. ഒരു മുസ്ലീം പുരുഷന് ഒരിക്കലും കുട്ടികളോട് ലൈംഗികാതിക്രമം നടത്താൻ കഴിയില്ല. ഇക്കാര്യത്തെക്കുറിച്ച് ഇനി ശബ്ദിക്കരുത്, നിങ്ങളുടെ ചോദ്യം തന്നെ തെറ്റായിരുന്നു. ദൈവത്തോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കൂ. — ഇതായിരുന്നു മതപ്രഭാഷകന്റെ മറുപടി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്. സാമൂഹ്യപ്രസക്തിയുള്ള ചോദ്യമായിരുന്നിട്ട് കൂടി അതിന് മറുപടി പറയാനോ ചോദ്യത്തെ അഭിമുഖീകരിക്കാനോ തയ്യാറാകാതിരുന്നത് സാക്കിർ നായിക്കിനെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്.