ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാകും ആദ്യമെണ്ണുക. എട്ടരയോടെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരും.
90 വീതം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.
ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനാണ് അഭിപ്രായ സർവേകളിൽ നേരിയ മുൻതൂക്കം. എന്നാൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്ക് നിർണായകമാകും. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടന്നത് 2014-ാണ്. അന്ന് പിഡിപി-ബിജെപി സഖ്യമായിരുന്നു സർക്കാർ രൂപീകരിച്ചത്.
ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ വിജയ പ്രതീക്ഷയിൽ തന്നെയാണ് ബിജെപിയും. വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ ഇതര കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളിലേക്ക് ബിജെപി കടക്കും. 2019-ൽ ബിജെപി 40 സീറ്റും ജെജെപി 10 സീറ്റും നേടിയപ്പോൾ ജെജെപിയുടെ പിന്തുണയോടെ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്.















