കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് വോളണ്ടിയർ സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സഞ്ജയ് മാത്രമാണ് ഏകപ്രതിയെന്നാണ് 45 പേജുള്ള ആദ്യഘട്ട കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, കൊലപാതകശ്രമം ഉൾപ്പെടെ ബിഎൻഎസ് സെക്ഷൻ 64(1), 66, 103(1) എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കൊൽക്കത്തയിലെ പ്രസിഡൻസി കറക്ഷൻ ഹോമിൽ തടവിൽ കഴിയുന്ന ഇയാളെ ഈ മാസം 18ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
128 പേരെയാണ് സാക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന അഭിജിത് മണ്ഡൽ എന്നിവരുടെ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും, കുറ്റപത്രത്തിൽ ഇവരെ കുറിച്ച് പറയുന്നില്ല. സെപ്തംബർ 15നാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്യുന്നത്.
കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത് അന്വേഷണത്തിന്റെ പുരോഗതിയാണെന്നും, എന്നാൽ കേസിൽ കൂടുതൽ ആളുകൾ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിശ്വസിക്കുന്നതെന്നും പ്രതിഷേധസമരം നടത്തുന്ന ഡോക്ടർമാർ പറഞ്ഞു. അനുബന്ധ കുറ്റപത്രത്തിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ കുറിച്ച് വിവരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറയുന്നു. നിയമത്തിലും സിബിഐ നടത്തുന്ന അന്വേഷണത്തിലും വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പ്രതികരിച്ചു. കുറ്റപത്രം സമർപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും, അതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















