ഇന്ത്യൻ വ്യോമസേനയുടെ വിജയക്കുതിപ്പ് ഇന്ന് 92-ന്റെ തിളക്കം. ഏകദേശം 1.70 ലക്ഷം പേരുള്ള ഭാരതീയ വ്യോമസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. 1932-ലാണ് വ്യോമസേന രൂപീകൃതമായത്. രാഷ്‌ട്രത്തെ സേവിക്കുകയും നിർണായകമായ പ്രവർത്തനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ധീരരെ ആദരിക്കാനായി ഇന്നേ ദിനം മാറ്റിവയ്‌ക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് റോയൽ ഫോഴ്സിനെ സഹായിക്കാനായണ് വ്യോമസേന സ്ഥാപിച്ചത്. നഭഃ സ്പർശം ദീപ്തം എന്നതാണ് സേനയുടെ മുദ്രാവാക്യം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യയുടെ വ്യോമയാന സേവനത്തെ റോയൽ എയർഫോഴ്‌സ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടർന്ന് ആർഎഫ് പരിശീലനം ലഭിച്ച ആറ് ഉദ്യോഗസ്ഥരും 19 ഹവായ് ശിപായിമാരുമായി 1933 ഏപ്രിൽ ഒന്നിന് സേനയുടെ ആദ്യത്തെ ഔദ്യോഗിക വിമാനം അതിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് പിന്നാലെ റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്ന പേര് ഡൊമിനിയൻ ഓഫ് ഇന്ത്യ എന്ന് മാറ്റുകയും ചെയ്തു. 1950-ൽ പൂർണമായും ഒരു സ്വതന്ത്ര രാജ്യമായി മാറിയതോടെ റോയൽ എന്ന പേര് മാറ്റുകയായിരുന്നു. സ്ഥാപിതമായത് മുതൽ ഇന്ത്യൻ എയർഫോഴ്സ് അതിശക്തമായ വ്യോമശക്തിയായി രൂപാന്തരപ്പെടുകയായിരുന്നു.
1950 മുതൽ പാകിസ്താനുമായി സേന നാല് യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ മേഘ്ദൂത്, ഓപ്പറേഷൻ കാക്ടസ്, ഓപ്പറേഷൻ പൂമാല എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന ഓപ്പറേഷനുകൾ. ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐഎഎഫ് പങ്കെടുക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണ്
വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937-ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939-ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഒൻപത് സ്ക്വാഡ്രനുകൾ നിലവിൽ വന്നിരുന്നു.
ഇന്ന് തദ്ദേശീയ കുതിപ്പിൽ ഇന്ത്യൻ പ്രതിരോധ സേന കുതിക്കുകയാണ്. എച്ച്എഎൽ തേജസ് എൽസിഎ, മിഗ് -21, സുഖോയ് -30 എംകെഐ, മിഖോയൻ മിഗ് -27, ജാഗ്വാർ, മിഖോയൻ മിഗ് -29 തുടങ്ങി നിരവധി യുദ്ധവിമാനങ്ങളാണ് ആകാശത്ത് പ്രതിരോധം തീർക്കുന്നത്.
ഐഎഎഫിന്റെ സാങ്കേതിക മുന്നേറ്റങ്ങളും പ്രവർത്തന സന്നദ്ധതയും ഉയർത്തിക്കാട്ടുന്ന പരേഡുകൾ, എയർ ഷോകൾ, പ്രദർശനങ്ങൾ എന്നിവ വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു. ‘ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ’ എന്നാണ് ഈ വർഷത്തെ വ്യോമസേനാ ദിനത്തിന്റെ പ്രമേയം. ചെന്നൈയിലെ മറീന ബീച്ചിലാണ് ഇത്തവണത്തെ എയർഷോ അരങ്ങേറിയത്. 13 ലക്ഷത്തിലധികം പേരാണ് ഇത്തവണ എയർഷോ കാണാനെത്തിയത്. ഇതോടെ ഏറ്റവുമധികം കാഴ്ചക്കാരെ നേടി എയർഷോ ലിങ്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.















