നെഞ്ചുവേദന ഇന്ന് സർവസാധാരണമാണ്. പ്രായഭേദ്യമന്യേ ഇന്ന് എല്ലാവരെയും നെഞ്ചുവേദന പിടികൂടുന്നു. എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. എന്നാൽ എല്ലാ നെഞ്ചുവേദനയേയും ഭയക്കേണ്ട കാര്യമില്ല, എന്നുകരുതി എല്ലാ നെഞ്ചുവേദനയേയും നിസാരമായി കാണുകയും അരുത്.
തലകറക്കം, ശ്വാസംമുട്ടൽ, നെഞ്ചിൽ കുത്തൽ തുടങ്ങിയ ലക്ഷണങ്ങളുമായി നെഞ്ചുവേദന ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം കാരണമാണെങ്കിൽ നെഞ്ചിന്റെ മധ്യഭാഗത്തായിരിക്കും വേദന അനുഭവപ്പെടുക. കഴുത്ത്, കൈകൾ, തോളുകൾ, കീഴ്‌ത്താടി, പല്ലുകൾ, വയറിന്റെ മുകൾഭാഗം, നെഞ്ചിന്റെ പിൻഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് പടരുന്നുണ്ടെങ്കിൽ അത് ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനയാകാനാണ് സാധ്യത. പെട്ടെന്ന് വിയർക്കുക, ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും തോന്നിയാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
ശ്വാസകോശാവരണത്തിനുണ്ടാകുന്ന വീക്കം. ന്യൂമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തിൽ വായു നിറയുക എന്നിവ നെഞ്ചുവേദനയ്‌ക്കിടയാക്കും. അന്നനാളം ചുരുങ്ങുക, പാൻക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങൾ, വാരിയെല്ലുകൾ, മാറെല്ല് ഇവയിലുണ്ടാകുന്ന നീർക്കെട്ട്, അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്. കഴുത്തിലെ കശേരുക്കൾക്കുണ്ടാകുന്ന തേയ്മാനത്തെതുടർന്നുള്ള വേദനയും നെഞ്ചിലേക്ക് പടർന്നിറങ്ങാറുണ്ട്. സന്ധിവേദനയും നെഞ്ചുവേദനയ്‌ക്ക് കാരണമാകാറുണ്ട്.















