അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. വാൻ ലൈഫ് യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയരായ എബിൻ, ലിബിൻ സഹോദരങ്ങൾക്കാണ് അച്ചാർ ബിസിനസ് തുടങ്ങിയതിന്റെ പേരിൽ വലിയ വിമർശനവും പരിഹാസവും നേരിടേണ്ടി വന്നിരിക്കുന്നത്. 100 കിലോ ചിക്കൻ അച്ചാർ ഇട്ടുകൊണ്ടാണ് ഇരുവരും പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. എന്നാൽ അച്ചാർ ഉണ്ടാക്കുന്നത് തീരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും, അച്ചാർ തയ്യാറാക്കുമ്പോൾ പോലും ഇരുവരും യാതൊരു വൃത്തിയും നോക്കുന്നില്ലെന്നും വീഡിയോ കണ്ടവർ പറയുന്നു.
ഇറച്ചിക്കഷണം കൂടുതലായത് കൊണ്ട് തന്നെ 900 ഗ്രാം അച്ചാറിന് 1200 രൂപയാണ് വിലയെന്നും ഇവർ പറയുന്നുണ്ട്. അച്ചാർ പൂത്തുപോകാതിരിക്കാൻ ധാരാളം എണ്ണ ഒഴിച്ചിട്ടുണ്ടെന്നും, വലിയ കുപ്പി മേടിച്ചാൽ ചെറിയ കുപ്പി ഫ്രീ കിട്ടുമെന്നുമെല്ലാം പറയുന്നുണ്ടെങ്കിലും ഇതൊന്നും ട്രോളുകളെ മയപ്പെടുത്തിയില്ല. അച്ചാർ തയ്യാറാക്കുന്ന രീതിക്ക് തന്നെയാണ് വിമർശനങ്ങൾ കൂടുതലും. അച്ചാറിലിടാൻ വച്ച മഞ്ഞൾപ്പൊടിയിൽ പട്ടിയുടേതിന് സമാനമായ കാൽപ്പാട് ഉണ്ടെന്നും, എണ്ണയിൽ പാറ്റ വീണ് കിടക്കുന്നുണ്ടെന്നും, മൂക്കളയും തുപ്പലുമൊക്കെ അച്ചാറിൽ വീണിട്ടുണ്ടെന്നും കാഴ്‌ച്ചക്കാർ പറയുന്നു.
നക്കിയ കൈ വീണ്ടും അച്ചാറിൽ ഇടുന്നതും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു അച്ചാർ ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വരാത്തത് എന്നാണ് ഒരാൾ പറയുന്നത്. വീഡിയോ സ്ഥിരം വീഡിയോ കാണുന്ന ആളാണെന്നും, നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും വൃത്തി കുറവായതിനാൽ ഒരിക്കലും ഈ അച്ചാർ വാങ്ങില്ലെന്നും ഇയാൾ പറയുന്നു. ചിക്കനിൽ വെള്ളം ചേർക്കണ്ടെന്നും ആവശ്യത്തിന് തുപ്പൽ അതിനുള്ളിൽ വീണിട്ടുണ്ടെന്നും മറ്റൊരാൾ പറയുന്നു. വൃത്തി ഉണ്ടായിരുന്നുവെങ്കിൽ വില കൂടുതലാണെങ്കിലും ആളുകൾ മേടിക്കുമായിരുന്നു എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.















