എക്സിറ്റ് പോളുകൾ അനുകൂലമായതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വിജയം ആഘോഷിക്കാനുള്ള ഒരുക്കം തകൃതിയായി. മഞ്ഞ ലഡ്ഡുവും ജിലേബിയും അടക്കമുള്ള മധുരപലഹാരങ്ങൾക്ക് മുൻകൂട്ടി ഓർഡർ ചെയ്തു, പൊട്ടിക്കാനും കത്തിക്കാനുമുള്ള പടക്കങ്ങൾ വാങ്ങിവെച്ചു. ആഘോഷം കൊഴുപ്പിക്കാൻ വാദ്ധ്യമേളക്കാരോട് വോട്ടണ്ണൽ ദിവസം പുലർച്ച തന്നെ എത്താനും പറഞ്ഞു.
അങ്ങനെ ഓക്ടബോർ എട്ടിന് കരാർ ഉറപ്പിച്ചത് പ്രകാരം തന്നെ രാവിലെ തന്നെ ഡോലുമായി ഡോൽവാലകൾ (ഡോൽ കൊട്ടുന്നവർ) ആസ്ഥാനത്ത് എത്തി. എട്ട് മണിക്കാണല്ലോ വോട്ടെണ്ണൽ. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പടക്കം പൊട്ടിച്ചും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും പ്രവർത്തകർ ആഘോഷം തുടങ്ങി. ഇതിനിടെ വോട്ടണ്ണെൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ ട്രെൻഡ് മാറി തുടങ്ങി. പിന്നെ ഒന്ന് വെയ്റ്റ് ചെയ്തിട്ടാകാം ആഘോഷമെന്ന് മുകളിൽ നിന്നും വീണ്ടും നിർദ്ദേശം.
അതോടെ മധുരപലഹാരങ്ങൾ നിറച്ച പെട്ടികളും പൊട്ടിക്കാതെ ബാക്കിയായ പടക്കങ്ങളും ഗോഡൗണിലേക്ക് മാറ്റി. എന്നാൽ അപ്പോഴും ഡോൽവാലകൾ ഇതൊന്നും കൊട്ടിക്കയറുകയായിരുന്നു. ഒടുവിൽ ആ സത്യം ഡോൽവാലകളോടും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ‘നിങ്ങളും മടങ്ങിക്കോ ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല’…. ഡോൽവാലകൾ തങ്ങളുടെ ഡോലും തൂക്കി കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. വീഡിയോ വൈറലായതിന് പിന്നാലെ ഒരു ദിവസത്തെ കൂലി ചോദിച്ചു വാങ്ങണം, പണം കിട്ടിയോ, ഇനി കോൺഗ്രസ് വിളിച്ചാൽ അത്രപെട്ടെന്ന് കേറി ഏൽക്കണ്ട….തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.
Leave a Comment