ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അടുത്തവർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് 14,594 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് നിന്ന് ആകെ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും ആൺ തുണയില്ലാതെ പോകുന്ന സ്ത്രീകളുടെ വിഭാഗത്തില്‍ 2,823 പേരും ഉള്‍പ്പെട്ടു.
ഡല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ഓഫിസില്‍ ഡിജിറ്റലായിട്ടായിരുന്നു നറുക്കെടുപ്പ്. രാജ്യത്ത് ആകെ 1,22,518 പേരാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.
മാനദണ്ഡപ്രകാരം കേരളത്തിന് 6,000 ഓളം സീറ്റുകളാണ് ഉണ്ടായിരുന്നത്. 11 സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞതോടെ ഇവിടെയുള്ള അധിക ക്വാട്ട മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നുവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായ 1,30,300 രൂപ ഈ മാസം 25 ന് മുന്‍പ് എസ്.ബി.ഐ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് വഴി അടയ്‌ക്കണം.















