ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൾഡർ ആന്ദ്രെ ഇനിയേസ്റ്റ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞു. 24 വർഷത്തെ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിട്ടത്. ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് ലോകത്തിലെ ഏറ്റവും മികച്ച മിഡഫീൾഡർമാരിൽ ഒരാൾ ബൂട്ടഴിക്കുന്ന കാര്യം വ്യക്തമാക്കിയത്. ടിക്കി ടാക്ക എന്ന വിഖ്യാത പാസിംഗ് ഗെയിമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളായിരുന്നു ഇനിയേസ്റ്റ.
2002-ൽ സീനിയർ തലത്തിൽ ബാഴ്സയ്‌ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 674 മത്സരങ്ങളിൽ കറ്റാലന്മാർക്ക് വേണ്ടി കളത്തിലറങ്ങി. 57 ഗോളുകൾ നേടി. 135 ഗോളുകൾക്ക് വഴിയൊരുക്കി. 9 ലാലിഗ കിരീടങ്ങൾ, നാല് യുവേഫാ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ തുടങ്ങി 35 കിരീടങ്ങളിൽ പങ്കാളിയായി. സ്പെയിനിനൊപ്പം 2010 ലോകകപ്പ് നേടി. ഫൈനലിൽ ഡച്ചുകാർക്കെതിരെ വിജയ ഗോൾ നേടി ഹീറോയായതും ഇനിയേസ്റ്റ തന്നെ. 2008 ലും12ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയ ടീമിൽ അംഗം.
El Juego Continúa ❤️⚽️ 8️⃣🔟2️⃣4️⃣ pic.twitter.com/YLrDOfxVCB
— Andrés Iniesta (@andresiniesta8) October 7, 2024
“>
2018ൽ ഇതിഹാസ ക്ലബിൽ നിന്ന് പടിയിറങ്ങിയ ഇനിയേസ്റ്റ ജപ്പാൻ ക്ലബായ വിസൽ കോബെയിലാണ് കരാർ ഒപ്പിട്ടത്. എംപേറർ കപ്പ്, ജപ്പാനീസ് സൂപ്പർ കപ്പ്, ജെ1 ലീഗ് എന്നിവ വിസലിനാെപ്പം നേടി. “മജീഷ്യന്മാരായ സഹതാരങ്ങളിൽ ഒരാൾ, ഒരുമിച്ച കളിക്കുന്നതിൽ ഞാൻ ഏറെ ആസ്വദിച്ച താരം. ഇനിയേസ്റ്റ പന്ത് നിന്നെ മിസ് ചെയ്യും! ഞങ്ങളും. ഏപ്പോഴും നിനക്ക് നന്മകൾ നേരുന്നു. നീയൊരു അതുല്യ പ്രതിഭാസമാണ്”.— മെസി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.















