കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നൽകി സീനിയർ ഡോക്ടർമാരും. 50 സീനിയർ ഡോക്ടർമാർ മെഡിക്കൽ കോളേജിൽ നിന്നും രാജിവച്ചു. 15 ഓളം സീനിയർ ഡോക്ടർമാരും വിദ്യാർത്ഥികൾക്കൊപ്പം നിരാഹാര സമരത്തിൽ പങ്കെടുത്തു.
ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് സംബന്ധിച്ച് മമത സർക്കാർ പ്രതികരിച്ചില്ല. ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. സുരക്ഷിതത്വമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടു. അതിനാൽ രാജിവച്ച് ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ നൽകുന്നുവെന്ന് സീനിയർ ഡോക്ടർമാർ പറഞ്ഞു.
ഓഗസ്റ്റ് 9-നാണ് വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ സമരം നടത്തിയെങ്കിലും ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മമത സർക്കാർ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച, ജൂനിയർ ഡോക്ടർമാർ നിരാഹാര സമരത്തിലേക്കും കടക്കുകയായിരുന്നു.















