തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 1,05,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനായ 63 കാരനാണ് പ്രതി.
2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലത്താണ് പീഡനം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാനായി എത്തിയപ്പോഴാണ് ഉപദ്രവം. കടുത്ത വേദനയുണ്ടായിട്ടും പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും പീഡന വിവരം പറഞ്ഞിരുന്നില്ല.
കളിക്കുന്ന സമയത്ത് അപ്പൂപ്പൻ മോശം ആളാണെന്ന് കുട്ടി കൂട്ടുകാരോട് പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. തുടർന്ന് കുട്ടിയെ അടുത്തിരുത്തി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ രഹസ്യ ഭാഗത്തിന് മുറിവേറ്റതായും അമ്മൂമ്മ കണ്ടെത്തി. കുടുംബം തന്നെയാണ് കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചത്. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് ഗുരുതര മുറിവുണ്ടായിരുന്നതായി ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.
അപ്പുപ്പൻ ആയ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത് അതിക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ വലിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി ജഡ്ജി ആർ രേഖ പറഞ്ഞു.