തിരുവനന്തപുരം: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്തത് ആരാണെന്ന് തനിക്ക് അറിയാമെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. വൈകിട്ട് തിരുവനന്തപുരത്ത് ഗവർണറെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അൻവർ ഇക്കാര്യം എടുത്തിട്ടത്.
രാഷ്‌ട്രപതിക്ക് വോട്ട് ചെയ്തതാരാണെന്ന് എനിക്ക് അറിയാം. എൽഡിഎഫിൽ നിന്ന് അല്ലെന്ന് അവർ പറയട്ടെ അപ്പോൾ ഞാൻ ആളെ പറയാം. അതെന്താ പിന്നെ പറയാത്തത് എന്ന് മാദ്ധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ അതൊക്കെ പറയാം എന്നായിരുന്നു അൻവറിന്റെ മറുപടി. അങ്ങനെ എന്തൊക്കെ പറയാനുണ്ട്. കല്യാണം പെട്ടന്ന് ഡിവോഴ്‌സ് ആയാൽ പിറ്റേന്ന് തന്നെ എല്ലാം പറയാൻ പറ്റുമോ ചെറിയ ഒരു മര്യാദ നമ്മൾ കാണിക്കണ്ടേ.
ഇപ്പോൾ ഡിവോഴ്‌സ് ആയിട്ടല്ലേ ഉളളൂ നോക്കാം. എനിക്ക് തിരക്കില്ല. അൻവർ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയായിരുന്നു രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. നിയമസഭാംഗങ്ങളുടെ 140 വോട്ടുകളിൽ നിന്ന് ഒരു വോട്ട് എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് ലഭിച്ചത് അന്നേ ചർച്ചയായിരുന്നു. എൽഡിഎഫിൽ നിന്നാണോ യുഡിഎഫിൽ നിന്നാണോ ഈ വോട്ട് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതാണ് അൻവറിന്റെ പ്രതികരണത്തോടെ വീണ്ടും ചർച്ചയാകുന്നത്.
അജിത് കുമാറിനെതിരായ ആരോപണം ചോദിച്ചപ്പോൾ അത് സീമന്ത പുത്രനാണല്ലോ ഇപ്പോഴും അദ്ദേഹം അവിടെ തന്നെയുണ്ടല്ലോ എന്നായിരുന്നു മറുപടി. നേരത്തെ പിണറായി സർക്കാരിനെതിരെ ഉന്നയിച്ച വിഷയങ്ങളിൽ ഗവർണർക്ക് തെളിവുകൾ കൈമാറാനായിരുന്നു അൻവറിന്റെ സന്ദർശനം. കാര്യങ്ങൾ ഗവർണറെ ബോധിപ്പിച്ചിട്ടുണ്ടെന്നും ബാക്കി അദ്ദേഹം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇതേക്കുറിച്ച് അൻവർ പറഞ്ഞത്. സർക്കാരിൽ വിശ്വാസം നഷ്ടമായതുകൊണ്ടാണോ ഗവർണറെ കണ്ടതെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി.















