തിരുവനന്തപുരം: നവരാത്രി കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് ചാർജ് ഇരട്ടിയാക്കി. കോര്പ്പറേഷന് പരിധിയിലെ റോഡരികിലെ കാർ പാര്‍ക്കിങ് ഒരുമണിക്കൂറിന് 10 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. എന്നാല്‍ നവരാത്രിക്കാലത്ത് ഭക്തരുടെ തിരക്ക് വര്‍ധിച്ചതോടെ ക്ഷേത്രത്തില്‍ പോകുന്നവരാണോ എന്ന് ചോദിച്ചുറപ്പുവരുത്തി ഇരട്ടി തുകയാണ് ട്രാഫിക് വാര്ഡന്മാര് വാങ്ങുന്നത്. അധികതുക ഈടാക്കുന്നത് ചോദ്യം ചെയ്യുന്ന ഭക്തരോട് ട്രാഫിക് വാര്ഡന്മാര് മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.
ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നിയന്ത്രണത്തിന് കീഴിലുള്ള ട്രാഫിക് വാര്ഡന്മാരാണ് ഭക്തരില്‍ നിന്ന് അധിക തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ഇന്നലെയും നിരവധി ഭക്തരാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചത്. നവരാത്രി മണ്ഡപത്തിലെ ദര്‍ശന സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്.
അതേസമയം കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ട്രാഫിക് വാര്ഡന്മാര് പറഞ്ഞു. പ്രതിദിനം 500 രൂപയാണ് ഇവർക്ക് കൂലിയായി ലഭിക്കുന്നത്. ശമ്പളത്തെക്കാള്‍ കളക്ഷന്‍ കണ്ടെത്തണമെന്നാണ് മേലധികാരികളുടെ നിർദ്ദേശം. കൂടുതല്‍ തുക കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസം ജോലി ലഭിക്കും. ഇരട്ടിത്തുക വാങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നും പക്ഷെ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കാൻ മറ്റ് വഴിയില്ലെന്നുമാണ് ട്രാഫിക് വാര്ഡന്മാര് പറയുന്നത്.