മുംബൈ: തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ആർബിഐയുടെ പണനയയോഗമാണ് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് തുടരും. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.
റീ പർച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപ്പോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപ്പോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വർധിക്കും. 2019 ഒക്‌ടോബർ 1ന് ശേഷം എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്.
6 എംപിസി അംഗങ്ങളിൽ 5 പേരുടെ ഭൂരിപക്ഷ വോട്ടോടെയാണ് തീരുമാനം. പണപ്പെരുപ്പ സമ്മര്‍ദം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര വളര്‍ച്ചാ സാധ്യത എന്നിവ പരിഗണിച്ചാണ് റിപ്പോ നിരക്ക് അതുപോലെ തുടരുന്നത്.
സുരക്ഷിതമല്ലാത്ത വായ്പാ വിഭാഗങ്ങളിലെ പിരിമുറുക്കം ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.