ഭുവനേശ്വർ: സൈനികനേയും ഭാവി വധുവിനെയും മർദ്ദിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി ഒഡിഷ ഹൈക്കോടതി.പോലീസ് സ്റ്റേഷനിൽ സൈനികരോടുള്ള പെരുമാറ്റത്തിന് നടപടിക്രമം രൂപീകരിക്കാൻ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
“ഭരത്പൂർ കേസ്” എന്നറിയപ്പെടുന്ന പോലീസ് മർദ്ദനത്തിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സൈനികരോടുള്ള പെരുമാറ്റത്തിന് പോലീസ് സ്റ്റേഷനിൽ എസ്ഒപി അഥവാ “സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യാർ” രൂപകൽപ്പന ചെയ്യാനാണ് ഒഡിഷ ഹൈക്കോടതി പറഞ്ഞത്.
ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽവാദം കേൾക്കുന്നതിനിടെ 13 പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
തുടർന്ന് പോലീസ് ആധുനികവൽക്കരണത്തിന്റെ ചുമതലയുള്ള എഡിജിപ ദയാൽ ഗാംഗ്വാർ നേരിട്ട് കോടതിയിൽ ഹാജരായി. സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലെയും ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പോലീസ് സൂപ്രണ്ടിന് കഴിയുന്ന വിധത്തിലുളള വീഡിയോ മാനേജ്മെൻ്റ് സിസ്റ്റം ഈ സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹംകോടതിയിൽ ഉറപ്പ് നൽകി.
സെപ്തംബർ 15 ന്,സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും റോഡിൽ ഒരു സംഘം ഗുണ്ടകൾ ആക്രമിയ്‌ക്കുകയായിരുന്നു. തുടർന്ന് ഈ വിഷയത്തിൽ പരാതിപ്പെടാൻ അവർ ഭരത്പൂർ പോലീസ് സ്‌റ്റേഷനെ സമീപിച്ചു. അവിടെവെച്ച് ഈ ജോഡികളും ചില പോലീസുകാരും തമ്മിൽ വാക്ക് തർക്കമുണ്ടായി തുടർന്ന് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ പോലീസ് സ്റ്റേഷനിൽ വെച്ച് സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉത്തരവിട്ടു. 60 ദിവസത്തിനകം കണ്ടെത്തലുകൾ സർക്കാരിന് സമർപ്പിക്കാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സെപ്‌റ്റംബർ 30ന് കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരസേനാ ക്യാപ്റ്റനെയും കാമുകിയെയും കസ്റ്റഡിയിൽ ആക്രമിച്ച ഭരത്പൂർ പോലീസ് സ്റ്റേഷനിലെ ഐഐസി ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ മോശം പെരുമാറ്റം ആരോപിച്ച് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒഡീഷ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.















