മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ബിസിനസുകളെ പതിറ്റാണ്ടുകൾ മുൻപിൽ നിന്ന് നയിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. അസുഖത്തെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ ആയിരുന്നു അന്ത്യം.
രത്തൻ ടാറ്റയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാർത്ത വൈകിട്ട് തന്നെ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു. ടാറ്റ ഗ്രൂപ്പ് ഇന്ന് ലോകമറിയുന്ന ബിസിനസ് സ്ഥാപനമായി വളർന്നതിന് പിന്നിൽ രത്തൻ ടാറ്റയുടെ അധ്വാനവും വിയർപ്പും ഉണ്ടായിരുന്നു. യഥാർത്ഥ അസാധാരണ ലീഡർ എന്നാണ് രത്തൻ ടാറ്റയുടെ മരണവാർത്ത ഔദ്യോഗികമായി അറിയിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കുറിച്ചത്.
ടാറ്റ ഗ്രൂപ്പിനെ ലോകമെങ്ങും വേരുകളുളള ബിസിനസ് ശൃംഖലയാക്കി കൈപിടിച്ചുയർത്തിയ വ്യവസായിയായിരുന്നു രത്തൻ ടാറ്റ. ലോകത്തിന്റെ വിശാലമായ ആകാശത്തേക്ക് ടാറ്റ ഗ്രൂപ്പിനെ കൈപിടിച്ചു പറക്കുമ്പോഴും ഇന്ത്യ തന്നെയായിരുന്നു രത്തൻ ടാറ്റയുടെ എല്ലാമെല്ലാം. രാജ്യത്തോടുളള കൂറും അചഞ്ചലമായ ആത്മവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
1937 ഡിസംബർ 28 നായിരുന്നു രത്തൻ ടാറ്റയുടെ ജനനം. കോർണൽ യൂണിവേഴ്‌സിറ്റിയിൽ ആർക്കിടെക്ചർ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിംഗിൽ ബിരുദം. പിന്നീട് ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ മാനേജ്‌മെന്റിൽ ഉപരിപഠനം. 1981 ൽ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി. 1991 ൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 1938 മുതൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന ജെആർഡി ടാറ്റയിൽ നിന്നുമായിരുന്നു അന്ന് സ്ഥാനം ഏറ്റെടുത്തത്.
ടെക്‌നോളജി രംഗത്ത് ടാറ്റ സൺസും വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സുമൊക്കെ ലോകമറിയുന്ന ബിസിനസ് ഗ്രൂപ്പുകളായത് രത്തൻ ടാറ്റയുടെ നേതൃത്വത്തിലാണ്. 2000 ത്തോടെ ലോകവിപണിയിലേക്കും ടാറ്റ ഗ്രൂപ്പ് ചുവടുറപ്പിച്ചു. യുകെയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുക്കുന്നതുൾപ്പെടെയുളള നടപടികൾ ഇക്കാലയളവിലാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ 2022 ൽ എയർ ഇന്ത്യയെ ഏറ്റെടുത്ത് വ്യോമയാന മേഖലയിലും ടാറ്റ സാന്നിദ്ധ്യമറിയിച്ചു.
2008 ൽ നാനോ കാർ പുറത്തിറക്കിയതോടെ രത്തൻ ടാറ്റ രാജ്യത്തെ സാധാരണക്കാർക്ക് പോലും ദൈവതുല്യനായി മാറി. അതിന് മുൻപു തന്നെ ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പാസഞ്ചർ കാർ ടാറ്റ ഇൻഡിക്ക വിപണിയിലിറക്കി ഈ രംഗത്ത് രത്തൻ ടാറ്റ വരവറിയിച്ചിരുന്നു. പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച കാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ടാറ്റ ഇൻഡിക്ക. ഒരു കാലത്ത് അംബാസഡർ കാറുകൾ അടക്കി വാണിരുന്ന പാസഞ്ചർ കാർ വിപണിയിൽ അതിവേഗമാണ് രത്തൻ ടാറ്റയുടെ ഇൻഡിക്ക കാർ ഇടംപിടിച്ചത്.
അദ്ദേഹം ചെയർമാനായിരിക്കെയാണ് ടാറ്റ ഗ്രൂപ്പ് ആഗോള ബിസിനസ് ഭൂപടത്തിലേക്ക് സ്വാധീനം വിപുലപ്പെടുത്തിയത്. 2012 ഡിസംബറിലാണ് ടാറ്റ സൺസിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുളളവരും ബിസിനസ് പ്രമുഖരും അനുശോചനമറിയിച്ചു.