ഇന്ത്യയിലെ ഏറ്റവും ആദരണീയനും ജനപ്രിയനുമായ വ്യവസായി ആയിരുന്നു രത്തൻ ടാറ്റ. അംബാനിയുടെയും അദാനിയുടേയും പോലെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായില്ലെങ്കിലും ഈ രാജ്യത്തെ മറ്റൊരു കോർപ്പറേറ്റ് സ്ഥാപനത്തിനും ലഭിക്കാത്ത പേരും പാരമ്പര്യവും ടാറ്റാ ഗ്രൂപ്പിന് നേടിക്കൊടുക്കാൻ രത്തന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. അതിന് വഴിവച്ചത് തന്റെ ജീവിതകാലയളവിൽ അദ്ദേഹമെടുത്ത ഓരോ ചുവടുവയ്പ്പുകളുമായിരുന്നു.
ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും ചെയർമാൻ എമിരിറ്റസായി അദ്ദേഹം തുടർന്നു. താൻ നേടിയെടുത്ത സാമ്രാജ്യം മുഴുവൻ കൈമാറാൻ ടാറ്റയ്‌ക്ക് മക്കളുണ്ടായില്ല.. അദ്ദേഹം വിവാഹവും കഴിച്ചിരുന്നില്ല. ഒരുപക്ഷെ രത്തൻ ടാറ്റയെ അറിയാൻ ശ്രമിക്കുമ്പോൾ ഏറ്റവും കൗതുകവും ജിജ്ഞാസയും തോന്നുന്ന കാര്യവും അതുതന്നെയായിരിക്കും. ഇന്ത്യക്കൊരു കിരീടമുണ്ടെങ്കിൽ അതിന്റെ രത്നമായി വിശേഷിക്കപ്പെടുന്ന രത്തൻ ടാറ്റ, കണ്ണടയും വരെ അവിവാഹിതനായി തുടർന്നു. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം വളരെ രസകരമായാണ് ഉത്തരം നൽകിയിട്ടുള്ളത്. തനിക്കുണ്ടായിരുന്ന പ്രണയങ്ങളെക്കുറിച്ചും അവയൊന്നും വിവാഹത്തിൽ കലാശിക്കാതെ പോയതിനെക്കുറിച്ചും ടാറ്റയുടെ മുൻ അമരക്കാരൻ പറഞ്ഞ കഥയിങ്ങനെ..
CNNന് നൽകിയ പഴയകാല അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രണയങ്ങളെക്കുറിച്ച് മനസുതുറന്നത്. രത്തൻ ടാറ്റയ്‌ക്ക് നാല് പ്രണയങ്ങളുണ്ടായിരുന്നു. അവയോരോന്നും വിവാഹത്തിന്റെ വക്കിലെത്തിയെങ്കിലും വിധി മറ്റൊന്നായി. പല സാഹചര്യങ്ങളാൽ അദ്ദേഹത്തിന് പ്രണയത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. വിവാഹത്തിൽ കലാശിക്കുമായിരുന്ന മറ്റൊരു ബന്ധം തകർത്തതാകട്ടെ 1962ലെ ഇന്ത്യ-ചൈന യുദ്ധവും.
”യുഎസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയം വളരെ ഗൗരവമേറിയതായിരുന്നു. ഞങ്ങൾ ഒന്നിക്കാതെ പോയതിന്റെ ഒരേയൊരു കാരണം ഞാൻ ഇന്ത്യയിലേക്ക് വന്നുവെന്നത് മാത്രമാണ്. എന്റെ കൂടെ വരാൻ നിന്നതായിരുന്നു അവൾ. പക്ഷെ ആ വർഷമായിരുന്നു ഇന്ത്യ-ചൈന യുദ്ധം. അമേരിക്കയുടെ കണ്ണിൽ അത് വലിയൊരു യുദ്ധമായിരുന്നു. അതിനാൽ അവൾ എന്റെ കൂടെ വന്നില്ല. ഒടുവിൽ കാലങ്ങൾ പിന്നിട്ടപ്പോൾ അമേരിക്കയിൽ തന്നെയുള്ള മറ്റൊരാളെ അവൾ വിവാഹം കഴിച്ചു.” രത്തൻ ടാറ്റ പറഞ്ഞു.
”ജീവിതത്തിൽ നാല് പ്രാവശ്യമാണ് വിവാഹത്തിനരികിൽ വരെ എത്തിയത്. പക്ഷെ ഓരോ തവണയും ആ ഘട്ടമെത്തുമ്പോൾ എന്തെങ്കിലുമൊരു കാരണത്താൽ എനിക്ക് പിന്മാറേണ്ടി വന്നു. തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതത്തിലേക്ക് വന്ന ഓരോരുത്തരെയും പരിശോധിക്കുമ്പോൾ, ഒരുപക്ഷെ ഞാൻ ചെയ്തത് അത്ര മോശമല്ലായിരിക്കാം.. കാരണം വിവാഹമെന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുമല്ലോ..” രത്തൻ ടാറ്റ പുഞ്ചിരിയോടെ ചോദിച്ചു.
നടിയും അവതാരകയുമായിരുന്ന സിമി ഗരേവാൾ, രത്തൻ ടാറ്റയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ മനസുതുറന്നിരുന്നു. 2011ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ടാറ്റയെക്കുറിച്ച് പരാമർശിച്ചത്. “പൂർണതയുള്ള മനുഷ്യനാണ് ടാറ്റ, അദ്ദേഹത്തിന് നല്ല നർമ്മബോധവുമുണ്ട്. എളിമയുള്ളവനും മാന്യനുമാണ്. പണം ഒരിക്കലും അദ്ദേഹത്തിന്റെ ചാലകശക്തിയായിട്ടില്ല.” ഇതായിരുന്നു സിമിയുടെ വാക്കുകൾ.
ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബന്ധമായിരുന്നു രത്തൻ-സിമി പ്രണയം. ബോളിവുഡ് ഐക്കണായിരുന്ന സിമി 70കളിലും 80കളിലും വെള്ളിത്തിര ഭരിച്ചിരുന്ന നടി കൂടിയായിരുന്നു. സിമിയെ രത്തൻ വിവാഹം കഴിക്കുമെന്ന് തന്നെയാണ് അക്കാലത്ത് ഏവരും വിശ്വസിച്ചിരുന്നത്. ഇരുവരും അഗാധമായ പ്രണയത്തിലുമായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. പക്ഷെ, രണ്ട് വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു വിധി. സിമി പിന്നീട് ഡൽഹി സ്വദേശിയെ വിവാഹം ചെയ്തെങ്കിലും 1979ൽ വേർപിരിഞ്ഞു. അപ്പോഴും രത്തൻ അവിവാഹിതൻ തന്നെ. ജീവിതസഖിയില്ലാതെ പോയപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ടാറ്റാ ഗ്രൂപ്പിനായി നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകി.