ന്യൂഡൽഹി: വിശ്വസ്ത വ്യവസായിക്ക് രാജ്യം യാത്രാമൊഴിയേകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റയുടെ അവസാന വാക്കുകൾ. രണ്ട് ദിവസം മുൻപ് തിങ്കളാഴ്ചയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളി രംഗത്തെത്തിയത്. ‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’യെന്നാണ് അദ്ദേഹം തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്.
” എന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് അടുത്തിടെയായി പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. പ്രായാധിക്യം മൂലമുള്ള ചില ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഇപ്പോൾ വൈദ്യപരിശോധനയ്‌ക്ക് വിധേയനായിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല. മറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും” അദ്ദേഹം തന്റെ അവസാന പോസ്റ്റിൽ പറയുന്നു.
മരണവാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. രത്തൻ ടാറ്റയുടെ വിയോഗം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും, അദ്ദേഹത്തിന്റെ അനുകരണീയമായ പാത പിന്തുടരുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാനാകുന്നതെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. രത്തൻ ടാറ്റയെ പോലെയുള്ള ഇതിഹാസങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നാണ് ഗൗതം അദാനി അനുശോചനക്കുറിപ്പിൽ പറഞ്ഞത്. ബിസിനസുകാരൻ എന്ന നിലയിൽ സ്ഥാപനങ്ങളുടെ ബോർഡ് റൂമിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങളെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ബിസിനസ് സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നൽകിയ വ്യക്തിയാണ് രത്തൻ ടാറ്റയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയാണ് രത്തൻ ടാറ്റയുടെ മരണം സ്ഥിരീകരിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യൗഗിക സ്ഥിരീകരണം ഉണ്ടായത്. രക്തസമ്മർദ്ദം കുറഞ്ഞതോടെയാണ് രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ അന്ന് തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക സംഭാവനകൾ നൽകിയത് രത്തൻ ടാറ്റയുടെ നേതൃത്വത്തിലാണ്. നൂറിലേറെ രാജ്യങ്ങളിലായിട്ടാണ് ഇന്ന് ടാറ്റയുടെ വ്യവസായ സാമ്രാജ്യം പടർന്നു കിടക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കുതിച്ച അദ്ദേഹം വരുമാനത്തിന്റെ നല്ലൊരു ഭാഗവും ക്ഷേമപദ്ധതികൾക്കായി നീക്കി വച്ചിരുന്നു. 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.