മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സർക്കാരിന്റെ എല്ലാ പരിപാടികളും ഇന്നത്തേക്ക് റദ്ദാക്കിയതായി സർക്കാർ അറിയിച്ചു.
വിലാപ സൂചകമായി മഹാരാഷ്‌ട്രയിലെ സർക്കാർ ഓഫീസുകളിലും കെട്ടിടങ്ങളിലും എല്ലാ ദേശീയ പതാകകളും പകുതി താഴ്‌ത്തിക്കെട്ടും. ഇന്ന് രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ ദക്ഷിണ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ (എൻസിപിഎ) പൊതുദർശനം. വോർലിയിലാകും അന്ത്യകർമങ്ങൾ നടക്കുക. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് മൃതദേഹം.
രാജ്യത്തിന്റെ രത്നത്തെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മഹാരാഷ്‌ട്രയുടെ അഭിമാനമാണ് അദ്ദേഹം. നിരവധി പേരാണ് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകളെയാണ് അദ്ദേഹം സഹായിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യമെന്നും ഓർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രത്തൻ ടാറ്റയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.