നവഭാരത ശിൽപ്പികളിൽ ഒരാളായ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ മുംബൈ താജിനും പറയാൻ ഒരു കഥയുണ്ട്. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ‘ബ്ലാക്ക് ഡേ’ എന്ന് വിശേഷിപ്പിക്കാവുന്ന, 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ താജിന് നഷ്ടപ്പെട്ടത് 15 ജീവനക്കാരെയായിരുന്നു. ഒപ്പം ഹോട്ടലിന്റെ ഒരു ഭാഗം കത്തി നശിക്കുകയും ചെയ്തു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഹോട്ടലിലേക്ക് കുതിച്ചെത്തിയ രത്തൻ, ജീവനക്കാർക്കും താമസക്കാരായ കുടുംബങ്ങൾക്കും ധൈര്യം പകർന്നു. ഒപ്പം ഭീകരാക്രണത്തിന്റെ നിത്യസ്മാരകമായി താജിനെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു……പിന്നിട് താജിന്റെ അതിവേഗത്തിലുള്ള തിരിച്ചു വരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. താജിന്റ പിറവിയുടെ കഥ അറിഞ്ഞാൽ മാത്രമേ തിരിച്ച് വരവിന്റെ മാധുര്യം അറിയാൻ സാധിക്കൂ…
ഭാരതീയന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്ക് ശക്തമായ താക്കിത്
രത്തൻ ടാറ്റയുടെ മുത്തച്ഛൻ ജാംഷെഡ്ജി ടാറ്റയാണ് ടാറ്റ താജ്മഹൽ പാലസ് ഹോട്ടൽ ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായിരുന്നു വാട്‌സൺസ് ഹോട്ടൽസ്. മുംബൈയിൽ പ്രവർത്തിച്ചിരുന്ന വാട്സൺ ഹോട്ടലിൽ ഇന്ത്യക്കാർക്ക് പ്രവശനം നിഷേധിച്ചിരുന്നു. ഒരിക്കാൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന ജാംഷെഡ്ജി ടാറ്റ ബിസിനസ് ആവശ്യത്തിനായി വാട്സൺ ഹോട്ടലിൽ എത്തിയപ്പോൾ കടുത്ത അപമാനം നേരിട്ടു. ഇന്ത്യക്കാർ അനുഭവിക്കുന്ന വിവേചനത്തിന് അതേ ഭാഷയിൽ തന്നെ മറുപടി നൽകാൻ ജാംഷെഡ്ജി ടാറ്റ തീരുമാനിച്ചതോടെയാണ് താജ് ഹോട്ടലിന്റെ പിറവി.
1903 ൽ ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ…
1898 ലാണ് താജ് ഹോട്ടൽസിന്റെ നിർമ്മാണം ടാറ്റ ആരംഭിച്ചത്. 1903ൽ നിർമ്മാണം പൂർത്തിയായി. 125 വർഷം മുൻപ് ഏകദേശം 4.21 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. മുംബൈയിലെ ആദ്യത്തെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു താജ് ഹോട്ടൽ. ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൊണ്ട് ഇന്ത്യക്കാരെയും ബ്രിട്ടീഷുകാരെയും അമ്പരപ്പിച്ച ആദ്യത്തെ കെട്ടിടവും ഇതുതന്നെ. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ലക്ഷ്വറി ഹോട്ടലായി മുംബൈ താജ് മാറിയത്. ഒന്നാം ലോകമഹായുദ്ധസമയത്ത് 600 കിടക്കകളുള്ള സൈനിക ആശുപത്രിയാക്കി ഹോട്ടലിനെ മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
30ൽ തുടങ്ങി 22,000 വരെ…
മുംബൈയുടെ പ്രതീകമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപമാണ് താജ് സ്ഥിതിചെയ്യുന്നത്. എന്നാൽ 1911 മാർച്ച് 31-ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് അടിത്തറ പാകുന്നതിന് മുമ്പ് തന്നെ താജ് ഹോട്ടൽ അതിന്റെ പ്രവേശന കവാടം അതിഥികൾക്കായി തുറന്നിരുന്നു. ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് താജിന്റെ നിർമ്മിതിയെന്ന് പറയാം. താജ്മഹൽ പാലസ്, ടവർ എന്നീ രണ്ട് വ്യത്യസ്ത കെട്ടിടങ്ങൾ ചേർന്നതാണ് ഹോട്ടൽ.
ഹോട്ടൽ പ്രവർത്തനം ആരംഭിക്കുമ്പോൾ റൂം ചാർജ് വെറും 30 രൂപയായിരുന്നു. എന്നാൽ ഇന്ന് ഒറ്റരാത്രിക്ക് വാടക കുറഞ്ഞത് 22,000 രൂപയാണ്. മുംബൈയിലെ ആദ്യത്തെ ലൈസൻസുള്ള ബാർ, ഹാർബർ ബാർ, ഇന്ത്യയിലെ ആദ്യത്തെ ഓൾഡേ ഡൈനിംഗ് റെസ്റ്റോറന്റ് എന്നിവയും താജിന്റെ ആകർഷണങ്ങളായിരുന്നു. മുംബൈയിലെ ഈ അത്ഭുത നിർമ്മിതി ഇന്നു ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായും താജിനെ കണക്കാക്കപ്പെടുന്നു