ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചറിയിച്ച് അയോദ്ധ്യയുടെ മണ്ണിൽ ക്ഷേത്ര മ്യൂസിയം ഉയരുന്നത് കാണാൻ ഇനി രത്തൻ ടാറ്റ ഇല്ല . അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന് മാസങ്ങൾക്കുള്ളിലാണ് ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചത് . ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസ് ആണ് മ്യൂസിയം നിർമ്മിക്കാനുള്ള പദ്ധതി ഏറ്റെടുത്തത് .
650 കോടി രൂപ മുടക്കി ക്ഷേത്രങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയം സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് ചെലവഴിക്കാൻ തീരുമാനിച്ചത് . രത്തൻ ടാറ്റ വിഭാവനം ചെയ്തത് പോലെ സാംസ്കാരിക സംരക്ഷണത്തിനും പൈതൃകത്തിനും ഗണ്യമായ സംഭാവന നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത് .
ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യാ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ക്ഷേത്രങ്ങളുടെ ശേഖരം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് മ്യൂസിയം. ടാറ്റയുടെ ഗണ്യമായ നിക്ഷേപം സാംസ്കാരിക പൈതൃകവും സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുന്നതാണെന്നാണ് പദ്ധതിയ്‌ക്ക് അംഗീകാരം നൽകികൊണ്ട് യുപി സർക്കാർ പറഞ്ഞത് . ഈ പദ്ധതി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള ടാറ്റ ഗ്രൂപ്പിന്റെ സമർപ്പണത്തെ ഉയർത്തിക്കാട്ടുന്നതായിരുന്നു .
ഇത് കൂടാതെ തിരുമല തിരുപ്പതിയിൽ ടിടിഡിയുമായി കൈകോർത്ത് 300 കിടക്കകളുള്ള കാൻസർ കെയർ സൗകര്യവും ടാറ്റ ഒരുക്കി . ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയർ & അഡ്വാൻസ്ഡ് റിസർച്ചിന് തുടക്കമിടാനും രത്തൻ ടാറ്റ തന്നെയാണ് മുന്നിൽ നിന്നത് . രാജ്യത്തെ എല്ലാവർക്കുമായി റേഡിയേഷൻ തെറാപ്പി, ഹോളിസ്റ്റിക് കെയർ, ക്യാൻസർ പരിചരണത്തെക്കുറിച്ചുള്ള നൂതന ഗവേഷണം എന്നിവയായിരുന്നു അന്ന് രത്തൻ ടാറ്റ വിഭാവനം ചെയ്തത് . സാധാരണയിൽ നിന്ന് വ്യത്യസ്തമായി വേഷ്ടി ധരിച്ച് തിരുപ്പതി ദർശനത്തിനെത്തിയ ടാറ്റ ക്ഷേത്രക്കൊടിമരത്തിൽ തൊട്ട് നിൽക്കുന്ന ചിത്രവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു .















