കോഴിക്കോട്: കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന 68,69 വാർഡുകളിലെ അങ്കണവാടിയുടെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്. വഖഫിന്റെ നീക്കത്തിന് കോർപ്പറേഷന്റെ കൂടി പിന്തുണ ലഭിച്ചതോടെ അങ്കണവാടിയും പരിസര പ്രദേശവും കാടുമൂടിയ അവസ്ഥയിലാണ്.
1997ലാണ് അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. വളരെ നല്ലനിലയിലായിരുന്നു പ്രവർത്തനം മുന്നോട്ട് പോയിരുന്നത്. അതിനിടെ കാലപ്പഴക്കം കൊണ്ട് കെട്ടിടവും പരിസരവും ശോച്യാവസ്ഥയിലായി. കോർപ്പറേഷനെ സമീപിച്ചതോടെ നവീകരണത്തിന് പണം നൽകാമെന്ന് ധാരണയായി. അതിനിടെ അങ്കണവാടി ഭൂമിക്ക് വഖഫ് അവകാശവാദം ഉന്നയിച്ചു. ഇതോടെ അങ്കണവാടിയുടെ നവീകരണം കോർപ്പറേഷൻ അവസാനിപ്പിക്കുകയായിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചതോടെ ഇവിടേക്ക് കുട്ടികളും വരാതെയായി.
കോർപ്പറേഷൻ നികുതി അടക്കുന്ന ഭൂമി കൈവശപ്പെടുത്താൻ നടത്തുന്ന വഖഫ് ബോർഡ് ശ്രമങ്ങൾക്ക് ഭരണ- പ്രതിപക്ഷങ്ങൾ കൂട്ടു നിൽക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ഭൂമിയായത് കൊണ്ട് അങ്കണവാടിയുടെ നവീകരണത്തിന് പണം അനുവദിക്കാനാകില്ലെന്ന് കോർപ്പറേഷൻ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് പറഞ്ഞു. “തണ്ടപ്പേരിലുള്ളത് കോർപ്പറേഷന്റെ പേരാണ്. സർവ്വേ നമ്പറിലും കോർപ്പറേഷന്റെ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഭൂമിയിൽ വഖഫ് അവകാശവാദം ഉന്നയിക്കുമ്പോൾ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇത് വഖഫിന് സ്വമേധയാ വിട്ടു നൽകാനാണ് ശ്രമിക്കുന്നത്. ബിജെപി ഇതിനെ നിയമപരമായി നേരിടും. വിഷയം വഖഫ് പാർലമെന്ററി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും”- എം. ടി രമേശ് വ്യക്തമാക്കി.
വഖഫ് ബോർഡിന് ഭൂമി പതിച്ചു കൊടുക്കാനുള്ള ഭരണ- പ്രതിപക്ഷ ശ്രമം ഒരു നാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ-ബൗദ്ധിക പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനം ഉയർന്ന് കഴിഞ്ഞു. വാർഡിലെ പ്രീ സ്കൂൾ വിദ്യാഭ്യാസം, പൊതുജനങ്ങളുടെ ആരോഗ്യം, നവജാതശിശുക്കളുടെ ആരോഗ്യപരിപാലനം, ഗർഭിണികൾക്കും വൃദ്ധർക്കുമുള്ള പരിരക്ഷ, ബോധവൽക്കരണം തുടങ്ങിയവയും പ്രതിസന്ധി നേരിടുകയാണ്. 187 വീടുകളാണ് അങ്കണവാടിയുടെ പരിധിയിലുള്ളത്. ടീച്ചറും ഹെൽപ്പറും തൊട്ടടുത്ത അങ്കണവാടിയിൽ പോയാണ് ഈ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകുന്നത്.
.















