തിരുവനന്തപുരം: ദുർഗാഷ്ടമി പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സർക്കാർ കലണ്ടറുകളിൽ പൂജവയ്പ്പ് ഒക്ടോബർ 10ന് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകൾ വിഷയത്തിൽ ഇടപെട്ടു.
പൂജവയ്പ്പ് പ്രമാണിച്ച് ഒക്ടോബർ 11 വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ , ശ്രേഷ്ഠാചാര സഭ എന്നീ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു, ഭാരതീയ അദ്ധ്യാപക പരിഷത്ത് കേരളാ ഘടകം, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്) പൊതു അവധി ആവശ്യപ്പെടുകയും മന്ത്രിമാർക്ക് നിവേദനം നൽകുകയും ചെയ്തു.
കേരളാ സംസ്ഥാന എംപ്ലോയീസ് സംഘ് പൂജ വെയ്പ്പിനു പൊതു അവധി ആവശ്യപ്പെടുകയും ആചാര സമ്പ്രദായങ്ങൾ കാര്യകാരണ സഹിതം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ഒടുവിൽ ഒക്ടോബര് 11 വെള്ളിയാഴ്‌ച്ച അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ ബാങ്കുകൾക്കും അവധിയാണ്.















