പന്തളം: ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇക്കുറി ഋഷികേശ് വർമ്മയും വൈഷ്ണവിയും നിർവഹിക്കും. നറുക്കെടുപ്പിന് ഇരുവരെയും നിശ്ചയിച്ചുകൊണ്ടുളള തീരുമാനത്തിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി. ശബരിമല മേൽശാന്തിയെ ഋഷികേശും മാളികപ്പുറം മേൽശാന്തിയെ വൈഷ്ണവിയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ്. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ- പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്‌ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് ഇരുവരും യാത്ര തിരിക്കും.
സുപ്രീം കോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ. ടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്. അന്തിമ പട്ടികയിൽ ഉൾപ്പെട്ട ശാന്തിമാരുടെ പേരുകൾ രണ്ട് വെള്ളിക്കുടങ്ങളിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജിച്ച ശേഷമാണ് നറുക്കെടുക്കുന്നത്. ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പാണ് ആദ്യം നടത്തുക.















