നാമക്കൽ : ഗർഭച്ഛിദ്രത്തിന് കാമുകൻ വാങ്ങി നൽകിയ ഗുളിക കഴിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു . നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോടിനടുത്ത് എലച്ചിപാളയത്താണ് സംഭവം. 17 വയസ്സുള്ള പെൺകുട്ടി മല്ലസമുദ്രം ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു .
സ്കൂളിന് സമീപത്തെ മൊബൈൽ ഷോപ്പിലെ ജോലിക്കാരനായ അരവിന്ദുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി . ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു . ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി കാമുകനൊപ്പം തന്നെ ഡോക്ടറെ കാണാനുമെത്തി . പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ ഹോസ്പിറ്റലിൽ നിന്നും ഇരുവരും പുറത്തിറങ്ങി.
സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നാണ് അരവിന്ദ് പെൺകുട്ടിയ്‌ക്ക് ഗർഭച്ഛിദ്രത്തിന് ഗുളിക വാങ്ങി നൽകിയത് . ഇത് കഴിച്ച പെൺകുട്ടിയ്‌ക്ക് അമിത രക്തസ്രാവമുണ്ടായി. ആശങ്കയിലായ വീട്ടുകാർ ഉടൻ തന്നെ വിദ്യാർഥിയെ മല്ലസമുദ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം വിദ്യാർഥിയെ തുടർചികിത്സയ്‌ക്കായി സേലം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കാമുകൻ അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.















