തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി അതിജീവിതർക്ക് പരാതി നൽകാനുള്ള ഫോൺ നമ്പറും ഇമെയിലും പുറത്തുവിട്ട് പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഓഫീസ് നമ്പറും ഇമെയിലുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫോൺ നമ്പറിലോ ഇമെയിലിലോ പരാതി നൽകാമെന്നും പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതർക്ക് പ്രത്യേക അന്വേഷണ സംഘവുമായി ഫോണിലൂടെ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാമെന്നും ഇമെയിലിലൂടെ പരാതികൾ അയക്കാമെന്നും പൊലീസ് അറിയിച്ചു. 04712330768 എന്ന നമ്പറിലൂടെയോ digtvmrange.pol@kerala.gov.in. എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയിക്കാം.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്കോ, അല്ലാതെ പരാതികൾ ഉള്ളവർക്കോ വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാൻ തയാറാകാത്തതിനെ തുടർന്നാണിത്.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവരെ പ്രത്യേക അന്വേഷണ സംഘം നേരിട്ടെത്തി സന്ദർശിച്ചിരുന്നെങ്കിലും ഇവരൊന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തയാറായിരുന്നില്ല. പലരും പരാതി നൽകാത്തതിന്റെ
കാരണം ഭയമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തുടർന്നാണ് അതിജീവിതർക്ക് രഹസ്യമായി മൊഴി നൽകാനുള്ള സംവിധാനം ഒരുക്കിയത്.















