ബെംഗളൂരു ; 25 ലക്ഷം രൂപയുടെ കള്ളനോട്ട് മാറാൻ റിസർവ് ബാങ്കിലെത്തിയ മലയാളികളടക്കം നാലുപേർ അറസ്റ്റിൽ . കണ്ണൂര്‍ സ്വദേശികളായ അബ്ദുൾ പ്രസീത്, മുഹമ്മദ് അഫ്നാസ്, കാസർകോട് സ്വദേശി നൂറുദ്ധീന്‍ അന്‍വര്‍, കര്‍ണാടക സ്വദേശി ഹുസൈന്, എന്നിവരാണ് അറസ്റ്റിലായത്. 2000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.
മുഖ്യപ്രതികളിലൊരാളായ അഫ്സൽ ആർബിഐ ശാഖയിൽ കള്ളനോട്ട് മാറ്റിയെടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കള്ളനോട്ടുകൾ കണ്ട ബാങ്ക് ഉദ്യോഗസ്ഥർക്കിടയിൽ സംശയം ഉണ്ടാകുകയും വിവരം ഹലാസൂർ ഗേറ്റ് പോലീസ് അറിയിക്കുകയുമായിരുന്നു. അഫ്സലിനെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാസർകോട് കേന്ദ്രീകരിച്ച് വ്യാജ നോട്ട് അച്ചടിക്കുന്നതായി വ്യക്തമായത്.ഹുസൈന് വന്‍തോതില്‍ കള്ളനോട്ടുകള്‍ നല്‍കിയത് പ്രസീത് ആണ്. ഹുസൈനില്‍ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രാനൈറ്റ് വാങ്ങുകയും പകരം 24.8 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇയാള്‍ക്ക് നൽകുകയും ചെയ്തു.
വ്യാജ നോട്ടുകൾ മാറ്റി നിയമാനുസൃതമായ കറൻസികൾക്കായി ആക്കുന്നതിനായാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് അഫ്സൽ കള്ളനോട്ട് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ, പ്രിൻ്റിംഗ് മെഷീനും കള്ളനോട്ട് പേപ്പറും വ്യാജനോട്ടുകളും പിടിച്ചെടുത്തു.