നടത്തം ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിട്ട് പറയുന്ന കാര്യമാണ്. ഒരു ദിവസം 10,000 സ്റ്റെപ്പ് നടക്കണമെന്നാണ് കണക്ക്. എന്നാൽ ”ജോഗിങിന് പോകണമെന്നുണ്ട് പക്ഷേ, പുറത്തിറങ്ങി നടക്കാൻ മടിയാണെന്ന് പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ഇത്തരം മടിയന്മാർക്ക് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർഗങ്ങൾ നോക്കാം..
വീട്ടിലെ ഹാൾ/ ബാൽക്കണി
പുറത്തിറങ്ങാൻ മടിയുള്ളവർക്ക് വീട്ടിലെ ഹാളും, ബാൽക്കണിയും, മുറ്റവുമെല്ലാം നടക്കാനുള്ള ഇടമാക്കി മാറ്റാം. അതിരാവിലെ ഇത്തരത്തിൽ നടക്കുന്നത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ഭക്ഷണത്തിന് ശേഷം നടക്കാം
തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും കൃത്യമായ വ്യായാമത്തിന് സമയം മാറ്റിവയ്‌ക്കാൻ സാധിച്ചെന്ന് വരില്ല. എന്നാൽ ചില ഇടവേളകൾ നിങ്ങളുടെ ഫൂട്ട് സ്റ്റെപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ഓഫീസ് ജോലി ചെയ്യുന്നവർ ഭക്ഷണത്തിന് ശേഷം കിട്ടുന്ന ഇടവേളകൾ നടത്തത്തിനായി മാറ്റിവയ്‌ക്കുക. ഇരുന്നുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് വിരസത ഒഴിവാക്കുന്നതിനും ഊർജം ലഭിക്കുന്നതിനും ഇത് സഹായിക്കും.
നടത്തത്തിന് പകരം നൃത്തം
ഒഴിവു സമയങ്ങളിൽ ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് നൃത്തം ചെയ്യുന്നതും ഫൂട്ട് സ്റ്റെപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ദേഹത്തിന് മൊത്തമായി വ്യായാമം ലഭിക്കുന്നതിനും ഗുണകരമാണ്.
ഫോൺ വിളിച്ച് നടക്കാം
ഫോൺ വിളിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വെറുതെ കിടക്കയിൽ കിടന്നും ഇരുന്നും സമയം ചെലവഴിച്ച് ഫോണിൽ സംസാരിക്കാതെ നടന്ന് കൊണ്ട് ഫോൺ വിളിക്കാം. വീടിനും ഓഫീസിനും ചുറ്റും നടക്കുന്നത് 10,000 ഫൂട്ട് സ്റ്റെപ്പ്‌സ് എന്ന ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കും.















