ജീവിതശൈലികളിൽ വന്ന മാറ്റവും അനിയന്ത്രിത ഭക്ഷണരീതിയും കാരണം ഇന്ന് നിരവധി പേർക്ക് പ്രമേഹമുണ്ട്. ഒരു വീട്ടിൽ ഒരു പ്രമേഹരോഗിയെങ്കിലും കാണുമെന്നതാണ് മറ്റൊരു വസ്തുത. ഇൻസുലിൻ കുത്തിവച്ച് ജീവിതം തള്ളിനീക്കുന്ന നിരവധി രോഗികളുമുണ്ട്. അങ്ങനെയുള്ളവർക്ക് ആശ്വാസകരമാകുന്ന ഒന്നാണ് ഇൻസുലിൻ ചെടി എന്നറിയപ്പെടുന്ന Costus Igneus.
ഇൻസുലിൻ കുത്തിവെക്കാൻ ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന മാർഗമാണിത്. ഈ ചെടിയുടെ ഇല ചവച്ചരച്ച് നീര് ഇറക്കിയാൽ പ്രമേഹം നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു. ടൈപ് 2 ഡയബറ്റീസ് രോഗികൾക്ക് ഇത് വളരെ സഹായകമാണ്. ഇൻസുലിൻ ചെടിയിൽ ‘ഇൻസുലിൻ’ അടങ്ങിയിട്ടില്ല. ഇത് ചവച്ചാൽ അതിന്റെ നീര് ശരീരത്തിലെത്തുന്നതോടെ ഇൻസുലിൻ ഉത്പാദിപ്പിക്കുകയുമില്ല. പക്ഷെ, ശരീരത്തിലെ പഞ്ചസാരയെ ഇത് ഗ്ലൈക്കോജനാക്കി മാറ്റും. അതുവഴി മെറ്റബോളിസവും വർദ്ധിക്കും.
പുളിപ്പുള്ള രുചിയാണ് ഇതിന്റെ ഇലയ്‌ക്കുള്ളത്. പ്രമേഹരോഗികൾ ദിവസവും ഇൻസുലിൻ ചെടിയുടെ ഇല ചവച്ചരച്ചാൽ ഫലം ഉറപ്പാണെന്ന് പറയപ്പെടുന്നു. ഈ ചെടിയുടെ ഇലയിട്ട് ചായ തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്.
പ്രത്യാഘാതങ്ങൾ അറിഞ്ഞിരിക്കണം
ഇൻസുലിൻ ചെടിയുടെ ഇല ചവച്ചരയ്‌ക്കുമ്പോൾ ചില പ്രയാസങ്ങൾ രോഗിക്ക് അനുഭവപ്പെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡയേറിയ, തലകറക്കം, വയറിന് അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. അതിനാൽ ഡോക്ടർമാരുടെ നിർദേശം കൂടാതെ ഈ ഇല കഴിക്കരുത്. ഇൻസുലിൻ ചെടി ഒരിക്കലും ഇൻസുലിന് പകരമാകില്ല. മാത്രവുമല്ല, ചില പ്രമേഹരോഗികളിൽ ഇത് ഗുണകരമാകണമെന്ന് നിർബന്ധവുമില്ല.
ഇന്ത്യയിൽ 80 മില്യൺ ആളുകൾക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 2045 ആകുമ്പോഴേക്കും ഇത് 134 മില്യാണായി ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി എന്ത് മാർഗം സ്വീകരിക്കുമ്പോഴും മുന്നോടിയായി ഡോക്ടർമാരുടെ അഭിപ്രായം നിർബന്ധമായും തേടേണ്ടതാണ്.