ഷിംല: നവരാത്രി ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു.
പശ്ചിമബംഗാളിലെ ഭക്തരുടെ കേന്ദ്രബിന്ദുവാണ് ഷിംലയിലെ കാളിബരി ക്ഷേത്രം. നവരാത്രി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്. 200 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. ഹിമാചലിൽ എത്തുന്ന ബഹുഭൂരിപക്ഷം വിനോദസഞ്ചാരികളും കാളിബരി ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. നൂറ്റാണ്ടുകൾ നീണ്ട വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിലെത്തുമ്പോൾ ഒരു മഹോത്സവത്തിന്റെ അന്തരീഷമാണ് ലഭിക്കുന്നതെന്നും സമാധാനവും ആരോഗ്യവും നൽകി എല്ലാവരെയും ദേവി അനുഗ്രിക്കുമെന്നും ഒരു ഭക്തൻ പ്രതികരിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള മലനിരകളും നദികളുമൊക്കെയാണ് ഈ പുണ്യയിടത്തിന് കൂടുതൽ ഭംഗി നൽകുന്നതെന്നും ക്ഷേത്രാന്തരീഷം ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവരാത്രിയുടെ ഭാഗമായി രാജ്യത്തെ വിവിധ ദേവീക്ഷേത്രങ്ങളിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രി പൂജയിൽ പങ്കെടുക്കുന്നതിനായി ധാരാളം ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്.















