നാഗ്പൂർ: ബഹിരാകാശ മേഖലയിൽ വരാനിരിക്കുന്നത് ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നാളുകളാണെന്ന് ISRO മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ. രാജ്യം വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രയാൻ 3 ഉം മംഗൾയാൻ ദൗത്യവും ആദിത്യ മിഷനും ഇതിനുള്ള ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കുട്ടിക്കാലം മുതൽ കേട്ടുവളർന്ന ഭഗവദ് ഗീതയും സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന മൂല്യങ്ങളും കലാപരിപാടികളും ഒരു മികച്ച നേതൃ പാടവം വളർത്തിയെടുക്കാൻ സഹായിച്ചുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ധീരതയുടെയും നിശ്ചയദാർഢ്യത്തിൻെറയും സമന്വയമാണ് വേദയിൽ കാണാൻ സാധിച്ചത്. കഴിഞ്ഞദിവസം ആർഎസ്എസ് സ്ഥാപകന്റെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ചുവെന്നും. അത് ലാളിത്യം നിറഞ്ഞതും മഹത്വപൂർണവുമായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്തെ ഈ തലമുറയിലെ നേതൃത്വം ഓരോ ഇന്ത്യക്കാരനെയും അഭിമാനിതരാക്കുന്നതാണ്. വേദിയിലുള്ള രണ്ട് ISRO മുൻ ചെയർമാൻമാരുടെ സാന്നിധ്യം രാജ്യം ബഹിരാകാശ രംഗത്തിന് നൽകുന്ന പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്നവർ പുതുതലമുറയ്‌ക്ക് വെളിച്ചമാകുകയാണ്. അവർ 2040 ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കുകയും ഭാരതീയ ബഹിരാകാശ നിലയം യാഥാർഥ്യമാക്കുകയും ചെയ്യുമെന്നും ISRO മുൻ ചെയർമാൻ കൂട്ടിച്ചേർത്തു.















