ചണ്ഡിഗഢ്: ഹരിയാനയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും. നയാബ് സിംഗ് സെയ്‌നി തന്നെയാകും മുഖ്യമന്ത്രി. കേന്ദ്രമന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ ആണ് ഇക്കാര്യം അറിയിച്ചത്. 17 ന് പഞ്ച്കുളയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയിൽ നിന്നുളള അനുമതിക്കായിട്ടാണ് കാത്തിരുന്നതെന്നും അത് ലഭിച്ചതായും മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ച്കുള ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ 14 പേരാണ് ഹരിയാന മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഖട്ടാർ കൂട്ടിച്ചേർത്തു.
ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ മൂന്നാംവട്ടവും തുടർഭരണം നേടുന്നത്. 48 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്രം കുറിച്ചത്. കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി. ഇന്ത്യൻ നാഷണൽ ലോക്ദളിനും രണ്ട് സീറ്റുകളുണ്ട്. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്.















