ടാറ്റ ഗ്രൂപ്പ്, രത്തൻ ടാറ്റയിലൂടെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ വ്യവസായ രംഗത്ത് നിർണായക സ്ഥാനം കണ്ടെത്താൻ ടാറ്റയ്‌ക്ക് സാധിച്ചു, അതിന് ചുക്കാൻ പിടിച്ചതാകട്ടെ രത്തൻ ടാറ്റയും. പിന്നീട് ടാറ്റ ഗ്രൂപ്പിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ടാറ്റയെ വളർത്തിയെടുത്ത അതേ പാത പിന്തുടരേണ്ട ഉത്തരവാദിത്തം രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയ്‌ക്കാണ്.
ആറ് ഭൂഖണ്ഡങ്ങളിലായി 100 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ടാറ്റ ഗ്രൂപ്പ്. 165 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയെ നയിക്കുകയെന്ന ബൃഹത്തായ ദൗത്യമാണ് 67-കാരനായ നോയലിന് മുന്നിലുള്ളത്. പൊതുവേദികളിൽ അധികം കാണാറില്ലെങ്കിലും 40 വർഷമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് നോയൽ.
നിലവിൽ ടാറ്റയുടെ റീട്ടെയിൽ ശൃംഖലയായ ട്രെൻ്റ്, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റാ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമായി സേവനമനുഷ്ഠിക്കുന്നു. ഗ്രൂപ്പിന്റെ ആഗോള സംരംഭങ്ങളുടെയും റീട്ടെയിൽ വിഭാഗത്തിന്റെയും കാര്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ടാറ്റ ഇൻ്റർനാഷണൽ നിന്നാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 1999-ൽ ട്രെൻ്റിന്റെ മാനേജിംഗ് ഡയറക്ടറായി. ട്രെൻ്റിന്റെ മുൻനിര ബ്രാൻഡായ വെസ്റ്റ്സൈഡ് റീട്ടെയിൽ ശൃംഖലയുടെ വിപുലീകരണത്തിന് നേതൃത്വം നൽകി. കമ്പനിയെ 2.8 ലക്ഷം കോടി വിപണിമൂല്യമുള്ള കമ്പനിയെന്ന നിലയിലെത്തിച്ചതിന്റെ സർവ ക്രെഡിറ്റും നോയലിനാണ്. ട്രെൻ്റിന്റെ ഓഹരി വില പത്ത് വർഷത്തിനിടെ 6000 ശതമാനത്തിനടത്താണ് ഉയർന്നത്. ടാറ്റ ഇൻ്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്ത് കമ്പനിയുടെ വിറ്റുവരവ് 300 കോടി ഡോളറിലേക്ക് ഉയർത്തിയതിലും നോയലിന് പങ്കുണ്ടായിരുന്നു.
ഇന്ത്യയിലെ മുൻനിര പബ്ലിക്ക് ചാരിറ്റി ഫൗണ്ടേഷനാണ് ടാറ്റ ട്രസ്റ്റ്സ്. ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെയും ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നിയന്ത്രണം പൂർണമായ ടാറ്റ ട്രസ്റ്റുകൾക്കാണ്. 13 ട്രസ്റ്റി ബോർഡുകളാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻജി ടാറ്റ ട്രസ്റ്റ് എന്നിവയാണ് പ്രധാന ട്രസ്റ്റുകൾ. 2019 മുതൽ രണ്ട് ബോർഡുകളിലും അംഗമാണ് നോയൽ ടാറ്റ.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃക കമ്പനിയായ ടാറ്റാ സൺസിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റിനാണ്. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനും സർ രത്തൻജി ടാറ്റ ട്രസ്റ്റും സ്വന്തമാണ്യ അതുകൊണ്ട് തന്നെ ടാറ്റ ട്രസ്റ്റ് ചെയർമാൻ പദവി നിർണായകമായി കണക്കാക്കപ്പെടുന്നു.
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെയും രണ്ടാം ഭാര്യ സിമൊനിന്റെയും മകനായി 1957-ലാണ് നോയൽ ടാറ്റയുടെ ജനനം. ബ്രിട്ടണിലെ സസക്സ് സർവകലാശാലയിൽ നിന്ന് ബിരുദവും ഫ്രാൻസിലെ ഇൻസിഡ് ബിസിനസ് സ്കൂളിൽ നിന്ന് ഇൻ്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കി.
ടാറ്റ സൺസ് മുൻ ചെയർമാനും ഷപൂർജി പല്ലോൻജി ഗ്രൂപ്പ് സ്ഥാപകൻ പല്ലോൻജി മിസ്ത്രിയുടെ മകനുമായ സൈറസ് മിസ്ത്രിയുടെ സഹോദരി ആലൂ മിസ്ത്രിയാണ് നോയൽ ടാറ്റയുടെ ഭാര്യ. ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവരാണ് മക്കൾ. ഇവരും ടാറ്റയുടെ വിവിധ ട്രസ്റ്റുകളിൽ ജോലി ചെയ്യുന്നു.
2012-ൽ ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് രത്തൻ ടാറ്റ വിരമിച്ചപ്പോൾ ഉയർന്നുവന്ന പേരായിരുന്നു നോയൽ ടാറ്റയുടേത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യസഹോദരൻ സൈറസ് മിസ്ത്രിയെ ആ പദവിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 2016-ൽ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ മാറ്റി നടരാജൻ ചന്ദ്രശേഖരനെ നിയമിക്കുകയായിരുന്നു. ഒരേ സമയം ടാറ്റ ട്രസ്റ്റുകളുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ പദവി വഹിച്ചിരുന്ന അവസാന വ്യക്തിയായിരിക്കും രത്തൻ ടാറ്റ. ഇനി മുതൽ രണ്ട് പദവികളിലും വ്യത്യസ്ത ആളുകളാകും ഉണ്ടാവുക. 2022-ൽ ടാറ്റ സൺസ് ബോർഡ് ഓഫ് അസോസിയേഷനിൽ ഭേദഗതി വരുത്തിയാണ് ഈ മാറ്റം നടപ്പിലാക്കിയത്.