കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞുവീണു. ക്ഷേത്രത്തിലെ പ്രസിദ്ധമായ കാളകെട്ട് ഉത്സവത്തിനായി എത്തിച്ച ‘കാലഭൈരവൻ’ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് അപകടം. സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
പടനിലത്തെത്തുന്ന ഏറ്റവും വലിയവനെന്ന് ഖ്യാതിയുള്ള കെട്ടുകാളയാണ് മറിഞ്ഞുവീണത്. കാരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്നുള്ള ഭക്തരാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്. ഇങ്ങനെയെത്തിച്ച ഏറ്റവും വലിയ കെട്ടുകാളയാണ് നിലംപതിച്ചത്.
രണ്ട് മാസം നീണ്ട പരിശ്രമത്തിലൂടെയാണ് കാലഭൈരവനെന്ന കെട്ടുകാളയെ കെട്ടുകളയെ ഒരുക്കിയത്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടാണ് നിർമ്മാണം. കാലഭൈരവന്റെ ശിരസിനുമാത്രം 17.75 അടി ഉയരമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു. 200 ൽ അധികം ചെറുതും വലുതുമായ കെട്ടുകാളകളാണ് ഓച്ചിറ ഉത്സവത്തോടനുബന്ധിച്ച് പടനിലത്തേക്ക് എത്തുന്നത്.















