ഹിന്ദു പുരാണമനുസരിച്ച് രാവണനെ വധിച്ച രാമനെ ആരാധിച്ചുകൊണ്ടാണ് വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ആഘോഷിക്കപ്പെടുന്നത്. ലങ്കാധിപനായ രാവണൻ തിന്മയുടെ പ്രതീകമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. അതിനാൽ വിജയദശമിദിനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാവണന്റെ വലിയ രൂപങ്ങൾ നിർമ്മിച്ച് അവ കത്തിക്കാറുണ്ട്. ഇതും ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ രാവണനെ ആരാധിക്കുന്ന ചില സമുദായങ്ങളും സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. മാൻഡോർ, രാജസ്ഥാൻ
ജോധ്പൂരിലെ ചില ഭാഗങ്ങളിൽ രാവണനെ എല്ലാ ദിവസവും ആരാധിക്കുന്നു. ഇവിടെ ആളുകൾ ദസറ പരിപാടികളിൽ പങ്കെടുക്കാറില്ല. മണ്ഡോർ എന്നറിയപ്പെടുന്ന മന്ദവാർ രാജാവിന്റെ മകൾ മണ്ഡോദരിയെയാണ് രാവണൻ വിവാഹം കഴിച്ചതെന്നാണ് ഇവരുടെ വിശ്വാസം. ജോധ്പൂരിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഈ രാജ്യം സ്ഥിതിചെയ്തിരുന്നതെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, ജോധ്പൂരിലെ ചില സ്ഥലങ്ങളിൽ മണ്ഡോദരിയെ ഗ്രാമത്തിന്റെ മകളായി കണക്കാക്കുകയും അവളുടെ ഭർത്താവിന്റെ മരണത്തിൽ വിലപിക്കുകയും ചെയ്യുന്നു.
2 . രാവണന്റെ ജന്മസ്ഥലം-ബിസ്രാഖ്
ഉത്തർപ്രദേശിലെ ബിസ്രാഖ് രാവണന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്ത് രാവണനെ മഹാ ബ്രാഹ്മണനായി കണക്കാക്കുന്നു. ഹിന്ദുമതത്തിൽ ബ്രഹ്മഹത്യ മഹാപാപമായി കണക്കാക്കുന്നതിനാൽ നവരാത്രികാലത്ത് ഇവിടെ ഭക്തർ രാവണനായി യജ്ഞങ്ങൾ നടത്താറുണ്ട്.
3 . ദശാനന ക്ഷേത്രം, കാൺപൂർ, ഉത്തർപ്രദേശ്
കാൺപൂരിലെ ശിവാലയിൽ ലങ്കാധിപനായ രാവണനെ ആരാധിക്കുന്ന ക്ഷേത്രമാണ് ദശാനന ക്ഷേത്രം. എല്ലാ വർഷവും വിജയദശമി ദിവസം രാവിലെ ഇവിടെ പൂജകൾ നടക്കാറുണ്ട്. ഈ ദിവസം മാത്രമാണ് ഇവിടെ നട തുറക്കുന്നത്. ദസറ ദിനം അസുരരാജാവ് തടങ്കലിൽ നിന്നും പുറത്തുവരുന്നുവെന്നാണ് ഇവരുടെ വിശ്വാസം.
4 . മഹാരാഷ്‌ട്രയിലെ ഗോണ്ട് ഗോത്രം
മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിലെ ഗോണ്ട് ഗോത്രക്കാർ രാവണനെയും മകൻ മേഘാനന്ദയെയും ആരാധിക്കുന്നു. അവരുടെ വിശ്വാസമനുസരിച്ച്, വാൽമീകി രാമായണത്തിൽ രാവണനെ രാക്ഷസനായി ചിത്രീകരിച്ചിട്ടില്ല. ശ്രീരാമന്റെ ഭാര്യ സീതയെ രാവണൻ ഉപദ്രവിച്ചിട്ടില്ലെന്നും പരാമർശമുണ്ട്. ഫാൽഗുൻ എന്നറിയപ്പെടുന്ന അവരുടെ ഉത്സവത്തിന് വനവാസികൾ രാവണനെ ആരാധിക്കുന്നു.
5 . കോലാർ, കർണാടക
കർണാടകയിലെ കോലാർ ജില്ലയിൽ, പരമശിവനാണ് പ്രധാന ആരാധനാമൂർത്തി. അതിനാൽ ശിവന്റെ ഏറ്റവും വലിയ ഭക്തരിൽ ഒരാളായ രാവണനെയും ഇവിടത്തുകാർ ആരാധിക്കുന്നു. കൊയ്‌ത്തുത്സവ വേളയിൽ നടക്കുന്ന ഘോഷയാത്രയിൽ, ശിവനോടൊപ്പം രവണന്റെ പത്ത് തലയും ഇരുപത് കൈകളുമുള്ള വിഗ്രഹവും ആരാധനയ്‌ക്കായി വയ്‌ക്കാറുണ്ട്.
6 . ഹിമാചൽ പ്രദേശിലെ കാൻഗ്ര
രാവണൻ തന്റെ ഭക്തികൊണ്ട് ശിവനെ പ്രസാദിപ്പിച്ച സ്ഥലമാണിതെന്നും ശിവൻ രാവണനോടൊപ്പം ലങ്കയിലേക്ക് മടങ്ങാൻ തയാറായെന്നുമാണ് വിശ്വാസം.അതിനാൽ, ശിവനോടുള്ള ഭക്തിയിൽ കംഗ്രയിലെ ജനങ്ങൾ വിജയദശമി ദിനം രാവണന്റെ രൂപം കത്തിക്കുന്നില്ല.















