മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ലാതെ എസിയുടെ തണുപ്പത്ത് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. തണുത്ത് മരവിച്ചാലും എസി ഓഫ് ചെയ്യാൻ മടിക്കുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ ഇത്തരക്കാർ സൂക്ഷിച്ചോളൂ എന്ന നിർദേശമാണ് ഫരിദാബാദിലെ റാഡിക്കൽ സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് ഡെർമറ്റോളജിസ്റ്റായ ഡോ. രാധിക രാധേജ നൽകുന്നത്.
അമിത നേരം എസിയിൽ ഇരിക്കുന്നത് പ്രതിരോധ ശേഷിയെ പോലും ദോഷകരമായി ബാധിക്കുന്നു. തണുപ്പ് അധികമാവുമ്പോൾ ത്വക്ക്, മുടി, മൂക്ക് എന്നിവിടങ്ങളിലെ ഈർപ്പം കുറയുന്നു. ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് ഇല്ലാതാക്കുകയും ചെയ്യും.
ജലദോഷം, പനി തുടങ്ങിയ രോഗങ്ങളിലേക്ക് അമിത നേരം എസിയിൽ ഇരിക്കുന്നത് വഴി വയ്‌ക്കുന്നു. കണ്ണുകൾ വരണ്ടതാക്കുന്നു. ഇത് കണ്ണ് ചൊറിച്ചിലിലേക്കും അസ്വസ്ഥതയിലേക്കും വഴി വയ്‌ക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. എസിയിൽ ഇരിക്കുമ്പോൾ ദാഹം അനുഭവപ്പെടുന്നത് കുറവായിരിക്കും. അതിനാൽ പലപ്പോഴും വെള്ളം കുടിക്കുന്നത് കുറയും. ഇത് നിർജ്ജലീകരണത്തിന് വഴി വയ്‌ക്കുന്നു.