മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശയ്‌ക്ക് പിന്നാലെ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധി മുസ്ലീം കുട്ടികളുടെ വികസനത്തെ കുറിച്ചാണെന്നും മദ്രസയിൽ പോകുന്ന കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. ഇന്ത്യയിലെ മുസ്ലീം വിഭാഗങ്ങളെ രക്ഷപ്പെടുത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്നും മദ്രസ പൂട്ടുകയല്ല ബാലാവകാശ കമ്മീഷന്റെ ഉദ്ദേശലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസകളുടെ പ്രവർത്തനങ്ങളിൽ പിഴവുകളും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ ശുപാർശ. സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്നും ബോർഡുകൾ പിരിച്ചുവിടണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മദ്രസകൾക്ക് കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നില്ലെന്നും കുട്ടികളുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മദ്രസ ബോർഡുകൾ വെല്ലുവിളികൾ ഉയർത്തുന്നുവെന്നും ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.















