മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. അമൽ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഭീഷ്മ പർവ്വത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. 11 വർഷത്തിന് ശേഷം നടി ജ്യോതിർമയി നായികാ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ബോഗയ്ൻവില്ലക്കുണ്ട്. തികച്ചും വ്യത്യസ്ത ലുക്കിലാണ് ജ്യോതിർമയി എത്തുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പ്രമോ സോംഗും ഏറെ ശ്രദ്ധേയമായിരുന്നു. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമൽ നീരദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ക്രൈം സസ്പെൻസ് ത്രില്ലറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.















