മമ്മൂട്ടിയുടെ കരച്ചിൽ കേട്ട് ഞാനും കരഞ്ഞുപോയി; ഞാൻ വലിയ മമ്മൂട്ടി ഫാനാണ്, മണിരത്നം മോഹൻലാൽ ഫാനും: സുഹാസിനി

Published by
Janam Web Desk

താൻ കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് നടി സുഹാസിനി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ചിത്രങ്ങളൊക്കെ തനിക്ക് പ്രിയപ്പെട്ടതാണെന്നും സുഹാസിനി പറഞ്ഞു. സൈജു കുറിപ്പ് പ്രധാനവേഷത്തിലെത്തുന്ന സീരീസായ ജയ് മഹേന്ദ്രന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഹാസിനി.

എന്റെ വീട്ടിൽ ഞാൻ വലിയ മമ്മൂട്ടി ആരാധികയാണ്, മണിരത്നം വലിയ മോഹൻലാൽ ഫാനും. പക്ഷേ, നമുക്ക് രണ്ട് പേർക്കും മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. ഒരുമിച്ചിരുന്ന് സിനിമകൾ കാണാറുണ്ട്. മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞ്, രണ്ട് കഥകൾ ഫാസിൽ എന്നോട് പറഞ്ഞിരുന്നു. കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. കഥകേട്ട് കഴിഞ്ഞ ഉടൻ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ചെയ്യാമെന്ന് ഞാൻ സമ്മതിച്ചു. ചിത്രത്തെ കുറിച്ച് എനിക്ക് ഒരുപാട് നല്ല ഓർമകളുണ്ട്.

സിനിമയിൽ ഞാൻ മരിച്ചുകിടക്കുമ്പോൾ മമ്മൂട്ടി അടുത്തിരുന്ന് കരയുന്ന ഒരു സീനുണ്ട്. അന്ന് മമ്മൂട്ടിയുടെ കരച്ചിൽ കേട്ട് ഞാനും കരഞ്ഞുപോയി. അദ്ദേഹത്തിന്റെ ശബ്ദം കേട്ട് കണ്ണടച്ച് കിടന്ന എന്റെ കണ്ണിൽ നിന്നും അറിയാതെ വെള്ളം വീഴുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡയറക്ടർ കട്ട് പറഞ്ഞു. മൃത​ദേഹം കരയുന്നുവെന്ന് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.

അമിതാഭ് ബച്ചൻ ചെയ്യുന്നത് പോലെ വളരെ ആസ്വദിച്ചാണ് മമ്മൂട്ടി സിനിമകൾ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കണ്ണൂർ സ്ക്വാഡ്, ഭ്രമയു​ഗം എന്നീ സിനിമകൾ കണ്ടപ്പോൾ ശരിക്കും അഭിമാനം തോന്നി. ‍റൊമാൻസ് സീനുകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ, ആ സിനിമയിൽ കന്യാകുമാരിയിൽ വച്ച് ഞാനും മമ്മൂട്ടിയുമുള്ള ഒരു സീനുണ്ട്. ഞാൻ അമ്മയാകാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തെ അറിയിക്കുന്ന സീൻ.

എന്ത് വേണം എന്ന് എന്നോട് ചോദിക്കുമ്പോൾ, അവിടെ കാണുന്ന സൂര്യനെ വേണമെന്ന് ‍ഞാൻ പറയും. സൂര്യാസ്തമയ സമയത്താണ് ആ സീൻ ഷൂട്ട് ചെയ്തത്. അപ്പോൾ, പോകല്ലേ .. പോകല്ലേ എന്റെ ഭാര്യയ്‌ക്ക് നിന്നെ വേണമെന്ന് പറഞ്ഞ് മമ്മൂട്ടി കടൽതീരത്ത് കൂടി ഓടും. ആ സീൻ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സുഹാസിനി പറഞ്ഞു.

Share
Leave a Comment